
കൊല്ലങ്കോട്: പട്ടികവർഗ്ഗ വികസന വകുപ്പ് ആദിവാസി പുനരധിവാസ വികസന മിഷൻ മുഖേന ഭൂരഹിതരായ പട്ടിക വർഗ്ഗക്കാർക്ക് ഭൂമി നൽകുന്ന ലാൻഡ് ബാങ്ക് പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്കുള്ള സ്ഥലത്തിന്റെ നറുക്കെടുപ്പ് നടന്നു. മുതലമട പഞ്ചായത്തിലെ പാറയ്ക്കൽചളളയിൽ ഏറ്റെടുത്ത അഞ്ച് ഏക്കർ 92 സെന്റ് സ്ഥലം വിതരണം ചെയ്യുന്നതിനുള്ള പ്ലോട്ട് നറുക്കെടുപ്പാണ് നടന്നത്. അർഹരായ 27 പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് 20 സെന്റ് വീതം ഭൂമിയാണ് പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുക. മുതലമട പഞ്ചായത്ത് ഓഫീസിൽ നടന്ന പ്ലോട്ട് നമ്പർ നറുക്കെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബേബിസുധ ഉദ്ഘാടനം ചെയ്തു. മുതലമട പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. അലയരാജ് അദ്ധ്യക്ഷനായി. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, അംഗങ്ങൾ, ഗുണഭോക്താക്കളായ കുടുംബങ്ങൾ എന്നിവർ പങ്കെടുത്തു.