പത്തനംതിട്ട : അഭിമുഖ വീഡിയോ പോസ്റ്റ് ചെയ്ത് ആദ്യ ഒരു മണിക്കൂറിനുള്ളിൽ 2.5 മില്ല്യൻ കാഴ്ചക്കാർ. അതിവേഗവരകൊണ്ട് ലോകശ്രദ്ധ നേടിയ മലയാളി ചിത്രകാരൻ ജിതേഷ് ജിയുമായുള്ള അഭിമുഖവീഡിയോയാണ് വൈറലായത്.

ഡയൽ കേരളാ യൂട്യൂബ് ചാനലിനുവേണ്ടി പ്രജിൻ എന്ന അവതാരകനാണ് അഭിമുഖം നടത്തിയത്. . ആഗസ്ത് 30 നു ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോൾ കാഴ്ചക്കാരുടെ എണ്ണത്തിൽ ദശലക്ഷങ്ങൾ പിന്നിട്ട് അതിവേഗം കോടികളിലേക്ക് കുതിച്ചുകയറുകയാണ്.ചിത്രകലയുടെ അരങ്ങിലെ ആവിഷ്‌കാരമായ വരയരങ്ങിന്റെ സ്രഷ്ടാവാണ് ജിതേഷ് ജി. 24 ലേറെ ലോകരാജ്യങ്ങളിലെ അന്താരാഷ്ട്രവേദികളിലടക്കം 7000 ലേറെ സ്റ്റേജുകളിൽ വാക്കും വരയും സമഞ്ജസമായി സമന്വയിക്കുന്ന സചിത്രഭാഷണവും വരവേഗവിസ്മയവുമൊരുക്കിയിട്ടുണ്ട്.. 2008 ൽ ഇരുകൈകളും ഒരേ സമയം ഒരേപോലെ ഉപയോഗിച്ച് വെറും 5 മിനിറ്റിനുള്ളിൽ 50 ലോകപ്രശസ്തരെ സ്റ്റേജിൽ വരച്ച് വരവേഗത്തിൽ ലോക റെക്കൊഡ് സൃഷ്ടിച്ചിട്ടുമുണ്ട് . അമേരിക്കയിൽ ലോസ് ആഞ്ചലസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെലിബ്രിറ്റി റാങ്കിംഗ് കമ്പനിയായ റാങ്കർ ഡോട്‌കോം ലോകത്തെ എക്കാലത്തെയും മികച്ച 100 ലോകപ്രശസ്ത ചിത്രകാരന്മാരുടെ പട്ടികയിൽ ജിതേഷ്ജിയെ ഉൾപ്പെടുത്തിയിട്ടുമുണ്ട്.
പത്തനംതിട്ട ജില്ലയിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ ഭഗവതിക്കും പടിഞ്ഞാറ് വാർഡിൽ ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലത്തിൽ അഞ്ഞൂറിലേറെ പക്ഷിമൃഗാദികൾക്കൊപ്പം എക്കോ ഫിലോസഫിക്കൽ സന്യാസജീവിതം നയിക്കുകയാണ് ഇദ്ദേഹം ഇപ്പോൾ