
ദമ്പതികൾ കസ്റ്റഡിയിൽ
കോഴഞ്ചേരി: കോഴഞ്ചേരി പഴയ തെരുവിൽ സ്‌കൂളിനു സമീപമുള്ളള കെട്ടിടത്തിൽ നിന്ന് 30 ലക്ഷം രൂപ വില വരുന്ന 40000 പാക്കറ്റ് ശംഭു, ഗണേഷ് , ഹാൻസ്, തുടങ്ങിയ പുകയില ഉൽപ്പന്നങ്ങൾ ജില്ലാ പൊലീസ് മേധാവി സ്വാപ്നിൽ എം മഹാജന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ആറന്മുള പൊലീസും ചേർന്ന് പിടികൂടി, ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിന്റെ ചുമതലയിൽ ഉണ്ടായിരുന്ന രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സീതത്തോട് കോട്ടമൺപാറ മനോത്രയിൽ വീട്ടിൽ കമലാസനൻ (59), ഭാര്യ ഓമന (ശോഭന-52)എന്നിവരാണ് അറസ്റ്റിലായത്. കെട്ടിടം പണിയുടെ കോൺട്രാക്ടർ എന്ന രീതിയിൽ വാടകയ്ക്കെടുത്ത മൂന്ന് കെട്ടിടങ്ങളാണ് ഇതിനായി ഉപയോഗപ്പെടുത്തിയിരുന്നത്. രാത്രികാലങ്ങളിൽ കോൺക്രീറ്റ് പണിക്കുള്ള തട്ടുപണി സാധനങ്ങളുടെ മറവിലായിരുന്നു ഇവ ഗോഡൗണിൽ എത്തിച്ചിരുന്നത്. പിന്നീട് കാറുകളിലും മറ്റുമായി ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ വിതരണം നടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. വീട് വാടകയ്ക്ക് എടുത്തിരുന്ന ആൾക്കുണ്ടായിരുന്ന കുലക്കടയുടെ മറവിൽ തമിഴ്‌നാട്ടിൽ നിന്ന് പുകയില ഉൽപ്പന്നങ്ങൾ കടത്തിയിരുന്നതായി സംശയമുണ്ട്. ഇയാളെ അന്വേഷിച്ചു വരുന്നു. പുകയില ഉൽപ്പന്നങ്ങൾ കൂടാതെ മൂന്ന് ഇരുചക്ര വാഹനങ്ങളും 1,39,000 രൂപയും , നോട്ട് എണ്ണുന്നതിനുള്ള യന്ത്രവും, ഇലക്ട്രോണിക് ത്രാസും, പാക്ക് ചെയ്യുന്നതിനുള്ള കവറുകളും, വാഹനങ്ങളുടെ രേഖകളും, ബാങ്ക് പാസ് ബുക്കുകളും മറ്റും പിടികൂടിയിട്ടുണ്ട്. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. കെ. എ. വിദ്യാധരൻ, പത്തനംതിട്ട ഡിവൈ.എസ്.പി. എസ്. നന്ദകുമാർ, ആറന്മുള പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സി. കെ. മനോജ്, എസ്. ഐ. രാകേഷ് കുമാർ, എസ്. ഐ. അനിരുദ്ധൻ, പത്തനംതിട്ട ഡാൻസാഫ് എസ്. ഐ. അജി സാമുവൽ, മിഥുൻ ജോസ്, ബിനു, സുജിത്ത്, അഖിൽ, ശ്രീരാജ്, ആറന്മുള പൊലീസ് സ്റ്റേഷൻ എ.എസ്. ഐ. വിനോദ് കെ. മധു, രാകേഷ് കുമാർ, ശ്രീരാജ്, സുജാ അൽഫോൺസ് തുടങ്ങിയവരടങ്ങിയ സംഘമാണ് പിടികൂടിയത്.