ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ 5416-ാം നമ്പർ പറയരുകാല ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഒന്നാമത് പറയരുകാല ശ്രീനാരായണ കൺവെൻഷൻ 10ന് ചതയദിനത്തിൽ ആരംഭിക്കും. പറയരുകാല ഗുരുക്ഷേത്രത്തിനു സമീപം തയ്യാറാക്കിയിരിക്കുന്ന വേദിയിൽ വൈകിട്ട് 6.30 ന് യൂണിയൻ ചെയർമാൻ അനിൽ അമ്പാടി ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അദ്ധ്യക്ഷത വഹിക്കും. അഡ്.കമ്മിറ്റി അംഗം കെ.ആർ.മോഹനൻ, മുളക്കുഴ ഗ്രാമപഞ്ചായത്ത് അംഗം മഞ്ചു, പറയരുകാല ദേവിക്ഷേത്രം ദേവസ്വം പ്രസിഡന്റ് സുജിത്ത് ബാബു, പത്തിശ്ശേരി കുടുംബക്ഷേത്രം പ്രസിഡന്റ് ജയപ്രകാശ് തൊട്ടാവാടി, കൈപ്പശ്ശേരി കുടുംബക്ഷേത്രം പ്രസിഡന്റ് ദനേശൻ എന്നിവർ പ്രസംഗിക്കും. ശാഖാ പ്രസിഡന്റ് എസ്.എസ് ചന്ദ്രസാബു സ്വാഗതവും സെക്രട്ടറി എൻ.എൻ ശ്രീധരൻ കൃതജ്ഞതയും പറയും.
കൺവെൻഷനു മുന്നോടിയായി വൈകിട്ട് 3.30 ന് ഗുരുദേവജയന്തി ഘോഷയാത്ര പറയരുകാല ദേവിക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് വൈകിട്ട് 6ന് കൺവെൻഷൻ നഗറിൽ എത്തിച്ചേരും.
ഞായറാഴ്ച രാവിലെ 10ന് ആത്മീയപ്രഭാഷകൻ ഡോ.എം.എം ബഷീറും തിങ്കളാഴ്ച രാവിലെ 10ന് ഗുരുദേവ കൃതികൾക്ക് ഒരാമുഖം എന്ന വിഷയത്തിൽ സൗമ്യഅനിരുദ്ധ് കോട്ടയവും സമാപന ദിവസമായ ചൊവ്വാഴ്ച രാവിലെ 10ന് ഗുരുദർശനം കുടുംബബന്ധങ്ങളിലൂടെ എന്ന വിഷയത്തിൽ വൈക്കം മുരളിയും പ്രഭാഷണം നടത്തും.
എല്ലാ ദിവസവും ഗുരുക്ഷേത്രത്തിൽ രാവിലെ 6 മുതൽ അഷ്ടദ്രവ്യമഹാഗണപതിഹോമം, മൃത്യുഞ്ജയഹോമം, വിശ്വശാന്തി ഹവനം, ഗുരുപൂജ, ശാരദപൂജ, ഗുരുപുഷ്പാഞ്ജലി എന്നിവ നടക്കും. സമാപനദിവസമായ 13ന് വൈകിട്ട് 6.30ന് ഗുരുദേവകൃതികളുടെ സംഗീതാവിഷ്‌ക്കാരവും ഭക്തിഗാനസുധയും കൺവെൻഷൻ നടക്കുന്ന എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് ഒരുമണിക്ക് അന്നദാനവും ഉണ്ടായിരിക്കുമെന്ന് ശാഖാ പ്രസിഡന്റ് എസ്.എസ്. ചന്ദ്രസാബുവും സെക്രട്ടറി എൻ.എൻ ശ്രീധരനും പറഞ്ഞു.