ചെങ്ങന്നൂർ: കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ബൈക്കിൽ സഞ്ചരിച്ച കാറ്ററിംഗ് ജോലിക്കാരായ പട്ടാഴി , താഴത്ത് വടക്ക്, തേക്കുംകാട്ടിൽ സുനിത്ത് (26), ആലപ്പുഴ പള്ളിമേൽ അനന്ദു ഭവനിൽ അനന്ദു കൃഷ്ണണൻ (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മുളക്കുഴ കാരയ്ക്കാട് എസ്.ബി.ഐയ്ക്കു സമീപമായിരുന്നു അപകടം. അനന്തുവിന്റെ കാലിനും തലയ്ക്കും സുനിത്തിന്റെ കാലിനും ഗുരുതരമായി പരിക്കേറ്റു. സുനിത്തിന്റെ വലതു കാൽ ഒടിഞ്ഞു. അനന്ദുവിന്റെ കാൽവിരലുകൾ പൊട്ടി. സുനിത്താണ് ബൈക്ക് ഓടിച്ചത്. യുവാക്കൾ ബൈക്കിൽ ചെങ്ങന്നൂരിൽ നിന്നും പന്തളം ഭാഗത്തേക്ക് പോകുകയായിരുന്നു. എതിർ ദിശയിൽ വന്ന കാർ റോഡിന് വലതു ഭാഗത്തുളള ഇടറോഡിലേക്ക് പെട്ടെന്ന് തിരിച്ചതാണ് അപകടകാരണം.