mela
മേളയിലെ അമ്മ്യുസ്മെന്റ് റൈഡ്

തിരുവല്ല: ഓണപ്പരീക്ഷയുടെ പിരിമുറുക്കങ്ങളകറ്റി അവധി ആഘോഷിക്കാൻ കുട്ടികളുമായി രക്ഷിതാക്കൾ എത്തിയതോടെ ഓണം ഫെസ്റ്റിൽ തിരക്കേറി. വിനോദത്തിനൊപ്പം വിജ്‍ഞാനവും സമന്വയിക്കുന്ന അപൂർവകാഴ്ചകളാണ് തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ നടക്കുന്ന മേളയിൽ ഒരുക്കിയിട്ടുള്ളത്. ഇന്ത്യാഗേറ്റിന്റെ മാതൃകയിലുള്ള കൂറ്റൻകവാടം കടന്നെത്തിയാൽ വർണ്ണമത്സ്യങ്ങൾ നിറഞ്ഞ അക്വേറിയമാണ്. അന്താരാഷ്ട്ര വന്യജീവി വിഭാഗത്തിൽപ്പെട്ട പക്ഷികളെയും ജന്തുക്കളെയും ഉൾപ്പെടുത്തി പെറ്റ്സ് ഷോയും ഒരുക്കിയിട്ടുണ്ട്. മനുഷ്യരുമായി ഇണങ്ങിജീവിക്കുന്ന ആഫ്രിക്കൻ തത്തകളുടെ വലിയ നിരതന്നെ ഇവിടുണ്ട്. റോബോട്ടിക് ആനിമലുകളാണ് മറ്റൊരാകർഷണം.കൂരിരുട്ടിൽ ഉൾവനത്തിൽകൂടി നടക്കുമ്പോഴുള്ള അത്യപൂർവ്വ അനുഭവമാണ് റോബോട്ടിക് ഷോ സമ്മാനിക്കുന്നത്. ചലിക്കുന്ന കാട്ടാനയും ഭീമൻകരടിയും സിംഹരാജാവും ഇവയുടെ യഥാർത്ഥശബ്ദവും ചേർന്ന ബിഗ് ഷോ.
ഓണക്കാലത്ത് ഓഫറുകളുടെ സുന്ദരമായ ഷോപ്പിംഗിനും മേളയിൽ അവസരമുണ്ട്. 30മുതൽ 50ശതമാനം വരെ വിലക്കുറവിൽ ഫർണിച്ചറുകൾ, മൾട്ടിമേക്കർ,കാർവാഷ് മെഷീൻ,സേഫ്റ്റി വാൽവ്,വാക്വംക്ലീനർ, ഗ്യാസ് അടുപ്പുകൾ,തെറാപ്പി മെഷീൻ എന്നിവ ലഭിക്കും.എക്സ്ചേഞ്ച് ഓഫറിലും ലഭ്യമാണ്. 60ൽപരം കൺസ്യൂമർ സ്റ്റാളുകളും പ്രവർത്തിക്കുന്നു. നാവിൽ കൊതിയൂറും രുചിവിഭവങ്ങളുമായി വിശാലമായ ഫുഡ്കോർട്ടും ഒരുക്കിയിട്ടുണ്ട്. മസാലാപൂരി,പാവ് ബജി തുടങ്ങിയ സ്‌നാക്‌സ് പല ഫ്‌ളേവറുകളിലെ ഐസ്ക്രീമുകൾ,​ അറേബ്യൻഷേക്ക് ബസാർ ഒരുക്കിയിട്ടുള്ള ഷാർജ,ഫ്രഷ് ജ്യൂസ് ഐറ്റംസ്,മിൽക്ക് ഷേക്കുകൾ, വെറൈറ്റി ഫലൂഡകൾ,കുലുക്കി സർബത്ത്,സ്വീറ്റ് കോൺ,കരിമ്പിൻ ജ്യൂസ് എന്നിങ്ങനെ രുചിവൈവിദ്ധ്യങ്ങൾ ഏറെയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാവുന്ന അമ്യൂസ് മെന്റ് റൈഡുകളും വിവിധ ഗെയിംഷോകളും ഫലവൃക്ഷത്തൈകളും പൂച്ചെടികളുമായി ഗാർഡൻ നേഴ്സറിയും മോട്ടോർ എക്സ്പോയിൽ കാറുകളുടെ വൻനിരയുമുണ്ട്. കായംകുളംകൊച്ചുണ്ണി ഫെയിം കുതിരയും ഒട്ടകവും ചെമ്മരിയാടും കഴുതയും വൈവിദ്ധ്യങ്ങളായ ആടുകളും വലിയപോത്തും കുഞ്ഞൻകാളയും തുടങ്ങി വിസ്മയിപ്പിക്കുന്ന കാഴ്ചകൾ നിരവധിയാണ്. ദിവസവും രാവിലെ 11മുതൽ രാത്രി 9വരെയാണ് പ്രദർശനം.