ശ്രേയഘോഷാൽ - സ്റ്റീഫൻ ദേവസി 'സ്നേഹാർദ്രം' സംഗീതനിശ 17ന്

തിരുവല്ല: സ്വയം ചലിക്കാൻ സാധിക്കാത്ത കുട്ടികൾക്ക് ഇലക്ട്രിക് വീൽചെയർ നൽകാൻ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പദ്ധതി. ഒൻപതാമത് ഫൗണ്ടേഷൻ ദിനാചരണത്തിന്റെ ഭാഗമായാണ് വീൽ ചെയറുകൾ നൽകുന്നത്. 60,000 മുതൽ 75,000 രൂപ വരെ വിലയുള്ള വീൽചെയറുകൾ ഓരോ കുട്ടിയുടെയും ആവശ്യത്തിനനുസരിച്ചാണ് രൂപകൽപന ചെയ്യുക. ഏകദേശം 40 ലക്ഷം രൂപ ചെലവിട്ടാണ് 60 വീൽചെയറുകൾ നൽകുന്നത്. പ്രമുഖ ഗായികയായ ശ്രേയാ ഘോഷാലും കീബോർഡിസ്റ്റും സംഗീത സംവിധായകനുമായ സ്റ്റീഫൻ ദേവസിയും ഒന്നിക്കുന്ന സംഗീത നിശയിലൂടെ സംരംഭത്തിന് പണം കണ്ടെത്താനാണ് ബിലീവേഴ്സ് ആശുപത്രി ലക്ഷ്യമിടുന്നത്. 17ന് വൈകിട്ട് 6ന് ബിലീവേഴ്സ് കൺവെൻഷൻ സെന്ററിലാണ് സ്നേഹാർദ്രം എന്നു പേരിട്ടിരിക്കുന്നസംഗീതനിശ നടക്കുന്നത്. രമേശ് പിഷാരടി അടക്കമുള്ള നിരവധി കലാകാരൻമാർ സ്നേഹാർദ്രം പരിപാടിയുടെ ഭാഗമായിരിക്കും. ജീവിതത്തിൽ സ്വപ്നങ്ങൾ നഷ്ടപ്പെട്ട, ചലനശേഷിയില്ലാത്ത കുഞ്ഞുങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും മറ്റുള്ളവർക്ക് കൈത്താങ്ങാകുന്ന ഇത്തരം പദ്ധതികൾക്ക് ചാലകശക്തിയായി നിൽക്കാൻ ബിലീവേഴ്സ് ആശുപത്രിക്ക് കഴിയുന്നതിൽ അഭിമാനവും സംതൃപ്തിയും ഉണ്ടെന്നും ആശുപത്രി മാനേജർ റവ.ഫാ.സിജോ പന്തപ്പള്ളിൽ അറിയിച്ചു.