light
തിരുവല്ല ബൈപ്പാസില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ്

തിരുവല്ല: നഗരത്തിലെ ബൈപ്പാസിന്റെ പ്രധാന ജംഗ്ഷനുകളിൽ എം.എൽ.എ ഫണ്ട് വിനിയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6.30ന് മാത്യു ടി.തോമസ് എം.എൽ.എ. നിർവഹിക്കും. ബൈപ്പാസിലെ മഴുവങ്ങാട്, പുഷ്പഗിരി, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, റെയിൽവേ സ്‌റ്റേഷൻ റോഡ്, മല്ലപ്പള്ളി റോഡ്, രാമൻചിറ എന്നീ ജംഗ്ഷനുകളിലും കുരിശുകവലയിലുമാണ് ഹൈമാസ്റ്റ് ലൈറ്റുകൾ. 40 ലക്ഷം രൂപ വിനിയോഗിച്ചാണ് ലൈറ്റുകൾ സ്ഥാപിച്ചത്. ഇതിന്റെ വൈദ്യുതി ചാർജും ഗ്യാരണ്ടി കാലാവധിക്ക് ശേഷമുള്ള പരിപാലനത്തിന്റെ ചുമതലയും തിരുവല്ല നഗരസഭയ്ക്കാണ്.

തിരുവല്ല നിയോജകമണ്ഡലത്തിലെ മറ്റ് സ്ഥലങ്ങളിലും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു ടി.തോമസ് എം.എൽ.എ. അറിയിച്ചു. നിരണം പഞ്ചായത്തിലെ പനച്ചമൂട്, കുറ്റൂർ പഞ്ചായത്തിലെ ആറാട്ടുകടവ്, കടപ്ര പഞ്ചായത്തിലെ തിക്കപ്പുഴ, തിരുവല്ല നഗരസഭയിലെ കോട്ടാലി ജംഗ്ഷൻ എന്നിവിടങ്ങളിൽ എം.എൽ.എ ഫണ്ടിൽനിന്ന് തുക വിനിയോഗിച്ച് ലൈറ്റുകൾ സ്ഥാപിക്കുന്നതിനാണ് ജില്ലാ കളക്ടർ അനുമതി നൽകിയത്