വല്ലന: നാടൻ ഏത്ത വാഴക്കുലകൾ ഓണക്കാലത്ത് ന്യായവിലയ്ക്ക് ലഭ്യമാക്കി ഓണക്കച്ചവടം പൊടിപൊടിക്കുകയാണ് അഞ്ച് കർഷക സുഹൃത്തുക്കൾ. റിട്ട. നേവി ഉദ്യോഗസ്ഥൻ പി.ജി അശോകൻ, പ്രവാസികളായിരുന്ന മംഗളാനന്ദൻ എം.എൻ, ദേവരാജൻ, മംഗളാനന്ദൻ ടി.ആർ , സതീഷ്‌കുമാർ എന്നിവരാണ് കാട്ടുപന്നി ശല്യത്തെ അതിജീവിച്ച് വാഴക്കൃഷിയിൽ നൂറുമേനി വിളയിച്ചത്. പാട്ടത്തിനെടുത്ത മൂന്നേക്കർ സ്ഥലത്ത് 350 മൂട് വാഴ കൃഷിചെയ്തു. കുലകൾ വിളഞ്ഞ് പാകമായി. മൂന്നുവർഷമായി ഇവർ ഇവിടെ ജൈവരീതിയിൽ കൃഷിയിറക്കുന്നുണ്ട് . കിടങ്ങന്നൂർ കൃഷി ഓഫീസർ ചന്ദനയുടെ പിന്തുണയും ഇവർക്ക് ലഭിക്കുന്നുണ്ട്. വാഴയ്ക്ക് പുറമേ കപ്പ, ഇഞ്ചി, ചേന, ചേമ്പ് എന്നിവയും കൃഷി ചെയ്യുന്നു. ഒരാഴ്ചയായി 80 രൂപ നിരക്കിൽ വാഴക്കുലകൾ വിൽക്കുന്നു.