kattathi-para

കോന്നി : പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന കൊക്കത്തോട്ടിലെ കാട്ടാത്തിപ്പാറയ്ക്ക് ടൂറിസം പദ്ധതിയിൽ ഇടമൊരുക്കാൻ നടത്തിയ ശ്രമവും ഫലംകണ്ടില്ല. 2008ൽ കോന്നി ആനത്താവളം കേന്ദ്രീകരിച്ച് ഇക്കോ ടൂറിസം പദ്ധതി തുടങ്ങിയപ്പോൾ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ കാട്ടാത്തിപ്പാറയേയും ഉൾപ്പെടുത്താൻ തീരുമാനിച്ചെങ്കിലും തുടർനടപടികൾ മുടങ്ങി. പദ്ധതിയുമായി ബന്ധപ്പെട്ട് അന്നത്തെ എം.എൽ.എ അടൂർ പ്രകാശും ഇക്കോടൂറിസം ഡയറക്ടർ മോഹൻലാലും സ്ഥലങ്ങൾ പരിശോധിച്ചു വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. വനത്തിലൂടെ കാട്ടാത്തിപ്പാറയിലേക്ക് ട്രെക്കിംഗും പാറയുടെ മുകളിൽ സഞ്ചാരികൾക്ക് താമസിക്കാൻ സൗകര്യവും ഉൾപ്പെടുത്തിയായിരുന്നു പദ്ധതി. കോന്നി ആനത്താവളത്തിലെത്തുന്ന സഞ്ചാരികളെ പാറയിലേക്ക് ആകർഷിച്ചു പുതിയ വിനോദസഞ്ചാര പാതയ്ക്കായിരുന്നു ശ്രമം നടത്തിയത്. കാട്ടാത്തിപ്പാറയ്ക്ക് കാട്ടാളന്റെയും കാട്ടാളത്തിയുടെയും പ്രതികാരത്തിന്റെ കഥയാണ് പറയാനുള്ളത്.

കോന്നി ഇക്കോ ടൂറിസം വികസനത്തിൽ കാട്ടാത്തിപാറക്കുള്ള സ്ഥാനം വലുതാണ്‌. മലപണ്ടാരവിഭാഗത്തിലുള്ള ആദിവാസികളുടെ ഊരിലൂടെ കടന്നു മലകയറാം എന്നതാണ് പ്രധാന പ്രത്യേകത. ആന, കാട്ടുപോത്ത്, കേഴ, മ്ലാവ്, കൂരങ്ങ്, പന്നി എന്നിവയേയും ഇവിടെ കാണാം. സമീപത്തു തന്നെ ഉളക്കശാന്തി, പാപ്പിനി തുടങ്ങിയ പാറകളും കാണാം. കാട്ടാത്തിപ്പാറയുടെ മുകളിൽ നിന്ന് സായംസന്ധ്യ കാണുന്നത് പുതിയ അനുഭവമാണ്.

മലമ്പണ്ടാര ഗോത്രസമൂഹത്തിന്റെ ആചാര വിശ്വാസങ്ങളുമായി ബന്ധപ്പെട്ട കാട്ടാത്തിപ്പാറയിലെ കാഴ്ച്ചകൾ സഞ്ചാരികളെ ആകർഷിക്കേണ്ടതാണ്. അച്ചൻകോവിൽ നദീതട സംസ്‌കാരത്തിന്റെയും പ്രാചീന സംസ്‌കൃതിയുടെയും തിരുശേഷിപ്പുകളായ കുറിച്ചി ക്ഷേത്രവും കല്ലേലി ഊരാളി അപ്പൂപ്പന് കാവിലെ ആചാരവും അനുഷ്ഠാനങ്ങളും നെല്ലിക്കപ്പാറ വ്യൂ പോയിന്റും സഞ്ചാരികളെ ആകർഷിക്കും.

ജീപ്പ് സഫാരി

ഇക്കോ ടൂറിസം പദ്ധതിയിൽ നിർദ്ദേശിച്ചിരുന്ന ജീപ്പ് സഫാരി കോന്നി ആനത്താവളത്തിൽ നിന്ന് പുറപ്പെട്ട് നടുവത്തുമൂഴി, കാട്ടാത്തിപ്പാറ, കൊക്കാത്തോട്, കൊട്ടംപാറ, കുറിച്ചി ക്ഷേത്രം, നെല്ലിക്കപ്പാറ, തലമാനം, മണ്ണീറ, അടവി വഴി പുറപ്പെട്ട സ്ഥലത്തു തന്നെ തിരിച്ചെത്തുന്ന രീതിയിൽ നടപ്പാക്കാനാണ് ഉദ്ദേശിച്ചിരുന്നത്.