waste-
അത്തിക്കയം അറയ്ക്കമൺ ജംക്ഷനിൽ സ്ഥാപിച്ചിരിക്കുന്ന മിനി എം.സി.എഫിൽ മാലിന്യങ്ങൾ നിറഞ്ഞു കിടക്കുന്നു

റാന്നി : അജൈവ മാലിന്യങ്ങൾ സംഭരിക്കാൻ നിർമ്മിച്ച മിനി എം.സി.എഫുകൾക്ക് ചുറ്റും മാലിന്യ കൂമ്പാരമാകുന്നു. നാറാണമൂഴി പഞ്ചായത്തിലെ വിവിധ വാർഡുകളിലെ മിക്ക മിനി എം.സി.എഫുകളുടെയും സ്ഥിതി ഇതാണ്. ഹരിതസേന പ്രവർത്തകർ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ മിനി എം.സി.എഫുകളിലാണ് എത്തിക്കുന്നത്. ഗ്രീൻ കേരള എന്ന കമ്പനിയാണ് ഇവിടെ നിന്ന് മാലിന്യം നീക്കംചെയ്തിരുന്നത്. പണം നൽകേണ്ടതിനാൽ വീടുകളും സ്ഥാപനങ്ങളും മാലിന്യം നൽകാനും മടിക്കുന്നു. അളുകൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ നേരിട്ട് എം.സി.എഫുകളുടെ ഉള്ളിലേക്ക് നിക്ഷേപിച്ചു തുടങ്ങിയതോടെ ഇവ പൂട്ടിയിട്ടു. ഇതിനു ശേഷം മാലിന്യങ്ങൾ കവറിൽ കെട്ടി ഇവയുടെ വെളിയിൽ നിക്ഷേപിക്കുകയാണ്. ടൗണുകളിലും വഴിയോരങ്ങളിലും ഉൾപ്പെടെ സ്ഥാപിച്ചിരിക്കുന്ന ഇത്തരം മിനി എം.സി.എഫുകൾക്ക് പുറത്തു മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നതു നാടിനു തന്നെ അപമാനമാണ്. ഓണക്കാലമായതിനാൽ നാടും നഗരവും വീടുകളും പുതുമോടി അണിയുന്ന സമയത്ത് തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലുള്ള പ്രദേശങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മിനി എം.സി.എഫുകൾ

ഹരിതകർമ്മസേന പ്രവർത്തകർ വീടുകളിലും സ്ഥാപനങ്ങളിലും എത്തി ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ തരംതിരിച്ചു നിക്ഷേപിക്കുന്ന സ്ഥലമാണ് മിനി എം.സി.എഫുകൾ . ഇവിടെ മാലിന്യങ്ങൾ എത്തിക്കാൻ ഓരോ വാർഡുകളിൽ നിന്നും രണ്ടു വീതം ഹരിത കർമ്മസേന പ്രവർത്തകരുണ്ട്.