photo
പ്രമാടം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലെ ചെളിവെള്ളക്കെട്ട്

പ്രമാടം : പ്രമാടം പഞ്ചായത്ത് ഓഫീസിന് മുൻഭാഗത്തെ ചെളിവെള്ളക്കെട്ട് സമീപവാസികൾക്കും യാത്രക്കാർക്കും ദുരിതമാകുന്നു. അധുനിക രീതിയിൽ നിർമ്മിച്ച കോന്നി - ളാക്കൂർ - പൂങ്കാവ് റോഡിലാണ് മണ്ണും ചെളിയും നിറഞ്ഞ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. മഴ പെയ്യുമ്പോൾ മുകൾ ഭാഗത്തെ റോഡിൽ നിന്നുള്ള മണ്ണും വെള്ളവും ഒലിച്ച് പ്രധാന റോഡിന്റെ വശത്ത് കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായെങ്കിലും ഇത് നീക്കം ചെയ്യാൻ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. സമീപത്തെ വീടുകളിലേക്ക് പോലും കയറാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇവിടെ പാകിയിരിക്കുന്ന ഇന്റർലോക്ക് കട്ടകൾക്ക് മുകളിൽ മണ്ണും ചെളിയും നിറഞ്ഞ് കിടക്കുന്നത് അപകട ഭീഷണിയും വർദ്ധിച്ചിട്ടുണ്ട്. നാട്ടുകാർ ഇത് സംബന്ധിച്ച് കോന്നി പൊതുമാരാമത്ത് വകുപ്പ് ഓഫീസിൽ പരാതി നൽകിയെങ്കിലും ആരും പരിശോധനയ്ക്ക് പോലും എത്തിയിട്ടില്ലെന്ന് സമീപവാസികൾ പറഞ്ഞു. ഇന്റർലോക്ക് കട്ടകൾ ശാസ്ത്രീയമായ രീതിയിൽ മാറ്റി സ്ഥാപിച്ചെങ്കിൽ മാത്രമെ ഇവിടുത്തെ വെള്ളക്കെട്ടിന് പരിഹാരമാകു. പ്രദേശത്ത് അപകട ഭീഷണി വർദ്ധിച്ചിരിക്കുകയാണെന്നും വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.