 
ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി ചെങ്ങന്നൂർ ഡിപ്പോയിൽ ജീവനക്കാരുടെ കുടുംബാംഗങ്ങൾ പ്രതിഷേധ സമരം നടത്തി. കുട്ടികളും വൃദ്ധരുമുൾപ്പടെയുള്ളവർ സമരത്തിൽ പങ്കെടുത്തു. കഴിഞ്ഞ രണ്ടു മാസത്തെ ശമ്പളത്തിൽ മൂന്നിലൊന്ന് പണമായും ബാക്കി കൂപ്പണായും നൽകുന്നതിനെതിരെയാണ് ഇവർ സമരം നടത്തിയത്. ശമ്പളത്തിനു പകരം കൂപ്പൺ നൽകുന്ന വ്യവസ്ത അംഗീകരിക്കാൻ കഴിയില്ലെന്ന് സമരത്തിൽ പങ്കെടുത്തവർ പറഞ്ഞു. പി.എസ്.സി പരീക്ഷ എഴുതി ജോലി നേടിയ മറ്റ് സർക്കാർ ഉദ്യോഗസ്ഥരെപ്പോലെ ശമ്പളം ലഭിക്കാൻ തങ്ങൾക്കും അവകാശമുണ്ടെന്ന് ഇവർ പറഞ്ഞു. പാലിനും പത്രത്തിനും ഗ്യാസിനും പെട്രോൾ പമ്പിലും കൂപ്പൺകൊടുത്താൽ മതിയാകുമോ എന്നും ഇവർ ചേദിച്ചു. ജോലി ചെയ്ത ശേഷം മൂന്നിലൊന്ന് ശമ്പളം നൽകാമെന്ന സർക്കാർ നിലപാട് അപഹാസ്യമാണെന്നും ബാങ്കിലേക്ക് എത്തുന്ന ഈ തുക ലോണിനു പോലും തികയില്ലെന്നും ഇവർ വ്യക്തമാക്കി. യൂണിയൻ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജീവനക്കാരുടെയും കുടുംബാംഗങ്ങളാണ് സമരത്തിൽ പങ്കെടുത്തത്. രാവിലെ 9ന് ആരംഭിച്ച സമരം ഉച്ചയോടുകൂടി അവസാനിപ്പിച്ചു. വിഷയത്തിൽ കെ.എസ്.ആർ.ടി.സി മാനേജുമെന്റും സർക്കാരും അനുഭാവ പൂർണമായി നിലപാട് സ്വീകരിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് ഇവർ പറഞ്ഞു.