 
കോന്നി: കൊക്കാത്തോട് കോട്ടാംപാറ ആദിവാസികോളനിയിലെ വീടുകൾ സന്ദർശിച്ചു ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തിലുള്ള സംഘം തിരഞ്ഞെടുപ്പ് കമ്മിഷൻ തുടക്കമിട്ട സ്വീപ്പ് ക്യാമ്പയിനിന്റെ ഭാഗമായി ബോധവൽക്കരണം നടത്തി. സ്പെഷ്യൽ സമ്മറി റിവിഷന്റെ ഭാഗമായി നടത്തിയ സന്ദർശനത്തിൽ വോട്ടർ പട്ടികയിലെ തിരുത്തൽ, പുതിയ വോട്ടർമാരെ ചേർക്കുക, വോട്ടർ ഐഡിയും അധാർകാർഡുമായി ബന്ധിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് നടത്തുന്നത്. 18 വയസ് പൂർത്തിയായ എല്ലാവരെയും വോട്ടർ പട്ടികയിൽ ചേർക്കുക എന്നതാണ് ലക്ഷ്യം. ജില്ലയിലെ മറ്റു ആദിവാസി കോളനികളിലും സ്വീപ്പർ വോട്ടർ ബോധവൽക്കരണം നടത്തുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. കോട്ടാംപാറകോളനിയിലെ എല്ലാ വീടുകളിലും കയറി ഇത് സംബന്ധിച്ച വിവരങ്ങൾ ജില്ലാ കളക്ടർ വിശദീകരിച്ചു. തിരിച്ചറിയൽ രേഖകൾ ബൂത്ത് ലെവൽ ഓഫീസർമാരുടെ സഹായത്തോടെ ബന്ധിപ്പിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു.