lab
പാൽഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ലാബിന്റെ ഉദ്ഘാടനം അമ്മകണ്ടകരയിലെ ക്ഷീരവികസന വകുപ്പ് കേന്ദ്രത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിക്കുന്നു.

അടൂർ : പാൽവിപണന രംഗത്ത് സംസ്ഥാനം കൈവരിച്ചത് സമാനതകൾ ഇല്ലാത്ത നേട്ടമാണന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ക്ഷീരവികസനവകുപ്പിന്റെ ഓണക്കാല സൗജന്യപാൽ പരിശോധനാ ക്യാമ്പിന്റെയും മിൽക്ക് ക്വാളിറ്റി സെന്ററിന്റെയും ഉദ്ഘാടനം അമ്മകണ്ടകരയിൽ നിർവഹി‌ക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ദേശീയ ശരാശരിയെക്കാളും ഉയർന്ന പാൽ ഉൽപ്പാദനക്ഷമത കേരളത്തിനുണ്ട്. ക്ഷീരോല്പാദനം ലാഭകരമാക്കുന്നതിനും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങളും സംഭരണവും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനും ധാരാളം പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതെന്നും ചിറ്റയം കൂട്ടിച്ചേർത്തു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സെൽവി മാത്യു സ്വാഗതം പറഞ്ഞു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മകുറുപ്പ് അദ്ധ്യക്ഷതവഹിച്ചു. ആദ്യ സാമ്പിൾ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി സന്തോഷ് കൈമാറി. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ , ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീനാദേവിക്കുഞമ്മ, വാർഡ് മെമ്പർ സുജിത്ത്, ഡയറി പരിശീലന കേന്ദ്രം പ്രിൻസിപ്പാൾ എ.കെ ബിന്ദു, അസിസ്റ്റന്റ് ഡയറക്ടർ അനിത പി, ക്വാളിറ്റി കൺട്രോൾ ഓഫീസർ സുരേഖ നായർ തുടങ്ങിയവർ സംസാരിച്ചു. ജില്ലയിൽ ഓണക്കാലത്ത് പാലിന്റെ ഉപഭോഗം കൂടുതലാകുന്ന സാഹചര്യത്തിൽ നിശ്ചിതഗുണനിലവാരം ഇല്ലാത്തതും മായംകലർന്നതുമായ പാലിന്റെ വിപണനം നിരുൽസാഹപ്പെടുത്തുന്നതിനും ഗുണനിലവാരമുള്ള പാലിന്റെ ഉൽപ്പാദനം ഉറപ്പ് വരുത്തുന്നതിനുമായാണ് ക്വാളിറ്റി കൺട്രോൾ ലാബ് ആരംഭിച്ചിരിക്കുന്നത്.