അടൂർ : എല്ലാവരും ഒന്നാണെന്ന ചിന്ത പകർന്ന് നൽകുവാൻ പരിശ്രമിച്ച യുഗപുരുഷനായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അടൂർ എസ്.എൻ.ഡി.പി യൂണിയന്റെ 'ഗുരുപ്രസാദം 2022' പദ്ധതിയിൽ ഉൾപ്പെടുത്തി ശാഖാ ഭാരവാഹികൾക്കുള്ള ഒാണക്കോടി വിതരണവും ഒാണപരിപാടികളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാബലി ചക്രവർത്തി കേരളം ഭരിക്കുമ്പോൾ എല്ലാവരും തുല്യരായിരുന്നു. പിന്നീട് ജാതിയും മതവും ഇവിടെയുണ്ടായി. ഒാണത്തിന്റെ സന്ദേശം എന്നത് തുല്യനീതിയുടേതാണ്. സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വർഷം പിന്നിട്ടിട്ടും തുല്യനീതി കൈവരിക്കാനായില്ല. രണ്ടുവർഷം കൂടി കഴിയുമ്പോൾ ഇന്ത്യൻ ഭരണഘടന എഴുതിയിട്ട് 75 വർഷം തികയുകയാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നിവയാണ് ഭരണഘടനയിൽ എഴുതി ചേർക്കപ്പെട്ടത്. എന്നാൽ ഇതുവരെയും തുല്യനീതി നമുക്ക് ലഭിച്ചിട്ടില്ലെന്നും ചിറ്റയം ചൂണ്ടിക്കാട്ടി. യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ് കുമാർ അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ കൗൺസിലർ അഡ്വ.മണ്ണടി മോഹൻ സ്വാഗതം പറഞ്ഞു. യോഗം കൗൺസിലർ എബിൻ ആമ്പാടിയിൽ മുഖ്യപ്രഭാഷണം നടത്തി. യോഗം അസി. സെക്രട്ടറി പി.എസ്.വിജയൻ സന്ദേശം നൽകി. സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ ഡയറക്ടർ ടി.ഡി.ബൈജു, വനിതാസംഘം യൂണിയൻ കൺവീനർ സുജാ മുരളി, യൂത്ത്മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് രാഹുൽ അങ്ങാടിക്കൽ എന്നിവർ പ്രസംഗിച്ചു. വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ സ്മിതാപ്രകാശ് കൃതജ്ഞത പറഞ്ഞു. വിവിധ കലാപരിപാടികൾക്ക് ശേഷം വിഭവസമൃദ്ധമായ ഒാണസദ്യയും നൽകി. എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശന്റെ നിർദ്ദേശപ്രകാരമാണ് യൂണിയനിലെ മുഴുവൻ ശാഖാപ്രസിഡന്റുമാർ, സെക്രട്ടറിമാർ, വൈസ് പ്രസിഡന്റുമാർ എന്നിവർക്ക് ഒാണക്കോടി നൽകിയത്.