പത്തനംതിട്ട : ജില്ലാ ലൈബ്രറി വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവം മൈലപ്ര മൗണ്ട് ബഥനി ഹയർ സെക്കൻഡറി സ്‌കൂളിൽ 11ന് രാവിലെ 10ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. 11,12,13 തീയതികളിലായി നടക്കുന്ന പുസ്തകോത്സവത്തിൽ കേരളത്തിലെ 50 ഓളം പ്രമുഖ പ്രസാധകർ പങ്കെടുക്കും. ജില്ലാ ലൈബ്രറി വികസന സമിതി ചെയർമാൻ ഡോ.പി.ജെ.ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടനസമ്മേളനത്തിൽ കൺവീനർ പി.ജി.ആനന്ദൻ സ്വാഗതം പറയും. കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ അക്ഷരദീപം തെളിക്കും. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.പി.ജയൻ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ ഏഴ് പുസ്തകങ്ങളുടെ പ്രകാശനം നടക്കും. വൈകിട്ട് 3ന് ബാലവേദി സംഗമം നടക്കും. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ.ടി.കെ.ജി നായർ ഉദ്ഘാടനം ചെയ്യും.12ന് വൈകിട്ട് 3ന് സാംസ്‌കാരിക സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. കെ.യു.ജനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ മൂന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്യും. വൈകിട്ട് 5ന് കവി സമ്മേളനം കവി കോന്നിയൂർ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

13ന് രാവിലെ 11ന് സമാപന സമ്മേളനം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ.ടി.കെ.ജി.നായർ ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി വികസന സമിതി ചെയർമാൻ ഡോ.പി.ജെ.ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ജില്ലയിലെ ഗ്രന്ഥശാലകൾ, സ്‌കൂൾ കോളേജ് ലൈബ്രറികൾ, വ്യക്തികൾ എന്നിവർക്ക് ആകർഷകമായ വിലക്കിഴിവ് ലഭിക്കുന്നതാണ്. വാർത്താസമ്മേളനത്തിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രൊഫ.ടി.കെ.ജി.നായർ , ജില്ലാലൈബ്രറി വികസന സമിതി ചെയർമാൻ ഡോ.പി.ജെ.ഫിലിപ്പ് , ജില്ലാ ലൈബ്രറി വികസന സമിതി കൺവീനർ പി.ജി.ആനന്ദൻ , കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.എൻ.സോമരാജൻ , ജില്ലാ ലൈബ്രറി ഓഫീസർ കെ.എസ്.രാജേഷ്, കാശിനാഥൻ എന്നിവർ പങ്കെടുത്തു.