 
പത്തനംതിട്ട : വില്പനക്കായി വിദേശമദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വൃദ്ധനെ അറസ്റ്റ് ചെയ്തു. കുളനട വടക്കേക്കരപ്പടി ആലുംപാട്ട് തെക്കേചരുവിൽ എ.കെ.സദാശിവൻ (70) ആണ് ഇലവുംതിട്ട പൊലീസിന്റെ പിടിയിലായത്. 5 ലിറ്റർ വിദേശമദ്യവും 49 കവർ ഹാൻസും പിടിച്ചെടുത്തു. ഇയാളുടെ കൈവശം കവറുകൾ കണ്ട് സംശയം തോന്നി തടഞ്ഞുനിറുത്തി ചോദ്യം ചെയ്തപ്പോഴാണ് അളവിൽ കൂടിയ മദ്യവും നിരോധിത ലഹരിമരുന്ന് ഇന്നതിൽപ്പെട്ട ഹാൻസും കണ്ടെത്തിയത്. ഇലവുംതിട്ട എസ്.എച്ച്.ഓ ദീപുവിന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ.പൊലീസ് സ്റ്റേഷനിൽ കൂട്ടികൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. പന്തളം, ഇലവുംതിട്ട സ്റ്റേഷനുകളിൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഇയാൾ നേരത്തെ പ്രതിയായിട്ടുണ്ട്.