arrest

തിരുവല്ല: നഗരത്തിലെ ബൈപ്പാസിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് അവശനാക്കിയശേഷം സ്വർണാഭരണവും ബുള്ളറ്റും പണവും കവർന്ന സംഭവത്തിൽ മൂന്നംഗ സംഘത്തിലെ ഒരാൾ പൊലീസിന്റെ പിടിയിലായി. കുറ്റപ്പുഴ ആറ്റുചിറ കാട്ടിൽപറമ്പിൽ വീട്ടിൽ റിജോ ഏബ്രഹാം (29) ആണ് പിടിയിലായത്. ഞായറാഴ്ച രാത്രി 12ന് ബൈപ്പാസിലെ സ്വകാര്യ ബസ് സ്റ്റാൻ‌ഡിന് സമീപമായിരുന്നു സംഭവം. മാവേലിക്കര തട്ടാരമ്പലം കൊച്ചുതറയിൽ വീട്ടിൽ അക്ഷയി (21) ന്റെ പരാതിയിലാണ് അറസ്റ്റ്. സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം ട്രാൻസ്ജെൻഡറുമായി സംസാരിച്ചു നിൽക്കവേ മൂന്നംഗ സംഘം അക്ഷയിനെ വളയുകയായിരുന്നു. ട്രാൻസ്ജെൻഡറുമായി സംസാരിച്ചു നിൽക്കുന്ന വീഡിയോ മൊബൈൽ ഫോണിൽ പകർത്തിയ സംഘം ബലമായി അക്ഷയിനെ കുറ്റപ്പുഴ റെയിൽവേ ട്രാക്കിന് സമീപത്തെത്തിച്ചു. തുടർന്ന് മർദ്ദിച്ചശേഷം കഴുത്തിൽ കിടന്നിരുന്ന ഒന്നര പവന്റെ സ്വർണമാല, ബുള്ളറ്റ്, 20000 രൂപയോളം വിലയുള്ള വാച്ച്, എ.ടി.എം. കാർഡ് അടങ്ങുന്ന പേഴ്സ് എന്നിവ കൈക്കലാക്കി. സംഘത്തിന്റെ പിടിയിൽനിന്നും രക്ഷപെട്ടോടിയ അക്ഷയ് തിരുവല്ല റെയിൽവേ സ്റ്റേഷനിലെത്തി ആർ.പി.എഫ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഇൗ സമയം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് അക്ഷയിന്റെ ബുള്ളറ്റുമായി കടക്കാൻ ശ്രമിച്ച റിജോയെ ആർ.പി.എഫ് ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് തിരുവല്ല പൊലീസിന് കൈമാറുകയായിരുന്നു. കൂട്ടുപ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി സി.ഐ പി.എസ്. വിനോദ് പറഞ്ഞു.