 
തിരുവല്ല: ടി.കെ. റോഡിൽ കാറിലിടിച്ച് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ സ്വകാര്യ ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ ഇരവിപേരൂർ മേപ്പുറത്ത് വീട്ടിൽ മോഹൻ കുമാർ (56) ആണ് മരിച്ചത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികളായ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ ഉച്ചയ്‌ക്ക്ശേഷം മൂന്നരയോടെ തോട്ടഭാഗം ജംഗ്ഷന് സമീപമായിരുന്നു അപകടം. ടി.കെ. റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന കാറിൽ കോഴഞ്ചേരി ഭാഗത്ത് നിന്നുവന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ എതിർദിശയിൽ നിന്നെത്തിയ സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ തകർന്ന ഓട്ടോയിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെയും യാത്രക്കാരെയും ഏറെബുദ്ധിമുട്ടിയാണ് നാട്ടുകാർ പുറത്തെടുത്തത്. സാരമായി പരിക്കേറ്റ ഇവരെ പെട്ടിഓട്ടോയുടെ പിന്നിലാക്കി തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ടി.കെ.റോഡിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു.