 
ചെങ്ങന്നൂർ : കൊച്ചുകുട്ടികളെ പോലെ ആടിയും പാടിയും വയോജനങ്ങളുടെ ഓണാഘോഷം ശ്രദ്ധേയമായി. ചെങ്ങന്നൂർ നഗരസഭ വയോമിത്രം പദ്ധതി, കുടുംബശ്രീ എ.ഡി.എസ്, പുത്തൻകാവ് മെട്രോപോലീത്തൻ ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം എന്നിവയുടെ സഹകരണത്തോടെ നഗരസഭ 23ാം വാർഡിലാണ് വേറിട്ട ഓണാഘോഷം നടന്നത്. പ്രായാധിക്യമുള്ളവർ പാട്ടുപാടിയും നൃത്തം ചെയ്തും തിരുവാതിരകളി നടത്തിയും വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്തും ഓണാഘോഷത്തിൽ പങ്കാളികളായി. കൊച്ചു കുട്ടികളുടേയും കുടുംബശ്രീ അംഗങ്ങളുടേയും കാലാകായിക മത്സരങ്ങളും, കലാപരിപാടികളും നടന്നു. നഗരസഭ വിദ്യഭ്യാസ കലാകായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീദേവി ബാലകൃഷ്ണൻ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.ഷിബുരാജൻ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ഡി. മോഹനൻ, മുൻ നഗരസഭാ ചെയർമാൻ രാജൻ കണ്ണാട്ട്, സാമൂഹിക സുരക്ഷാ മിഷൻ കോഓഡിനേറ്റർ എ.എൽ.പ്രീതാകുമാരി, ജില്ലാ ആശുപത്രി ജെ.പി.എച്ച് എൻ.കെ.പുഷ്പലത, എ.ഡി.എസ് ചെയർപേഴ്‌സൺ ടി.കെ.പുഷ്പ, സെക്രട്ടറി പി.എ അനുഷ, വൈസ്പ്രസിഡന്റ് ഉഷാ സത്യൻ, ആശാ പ്രവർത്തക രമണി വിഷ്ണു, സൂര്യ സുനിൽ, എം.എ.സജി, ചിഞ്ചുലാൽ എന്നിവർ പ്രസംഗിച്ചു. പങ്കാളികളായ 101 പേർക്ക് പച്ചക്കറിപല വ്യജ്ഞനക്കിറ്റുകളും അരിയും സൗജന്യമായി വിതരണം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി ഓണസദ്യയും നടന്നു.