പത്തനംതിട്ട : ജനകീയ പ്രശ്‌നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുമ്പോൾ മന്ത്രിമാർക്ക് പുച്ഛവും പരിഹാസവുമാണെന്ന് പ്രതിപക്ഷ നേതാവ് വി‌.ഡി.സതീശൻ പറഞ്ഞു. പേപ്പട്ടിയുടെ കടിയേറ്റ് മരിച്ച റാന്നി പെരുനാട് ചേത്തലപ്പടി ഷീനാഭവനിൽ അഭിരാമി (12)യുടെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകായിയിരുന്നു അദ്ദേഹം. സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ എണ്ണം പെരുകുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എ.ബി.സി പദ്ധതി നടപ്പാക്കാത്തതും മാലിന്യ സംസ്‌കരണത്തിന് സംവിധാനങ്ങൾ ഇല്ലാത്തതുമാണ് ഇതിന് കാരണം. പേവിഷ ബാധയ്ക്ക് എതിരെ ഉപയോഗിക്കുന്ന വാക്‌സിന്റെ ഫലപ്രാപ്തി സംബന്ധിച്ചും സംശയങ്ങൾ ഉയർന്നിട്ടുണ്ട്. ഇക്കാര്യം പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാട്ടിയതിന് ശേഷമാണ് വാക്‌സിന്റെ ഗുണനിലവാരത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മിറ്റിയെ ചുമതലപ്പെടുത്താൻ സർക്കാർ തയാറായത്.
റോഡ് നിർമ്മാണം നടക്കുന്ന സ്ഥലത്തെ സുരക്ഷാ സംവിധാനങ്ങളുടെ അപാകതയെക്കുറിച്ച് കോടതികൾ പോലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വള്ളിക്കോട്ട് ഓടനിർമ്മാണത്തിന്റെ ഭാഗമായി റോഡിൽ അലക്ഷ്യമായി ഇട്ടിരുന്ന സ്ലാബിലെ കമ്പി തലയിൽ തുളച്ചുകയറി പരിക്കേറ്റ യദുകൃഷ്ണൻ ഇപ്പോഴും അബോധാവസ്ഥയിലാണ്.
വിഴിഞ്ഞത്ത് അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ഒത്തുതീർപ്പിലെത്തിക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണം. സമരം ചെയ്താൽ ഗൂഢാലോചനയാണെന്നും നക്‌സലൈറ്റാണെന്നും മാവോയിസ്റ്റാണെന്നുമൊക്കെ പറയുന്നത് ശരിയല്ലെന്ന് അദ്ദേഹം പറ‌ഞ്ഞു.