അടൂർ : എസ്. എൻ. ഡി.പി യോഗം അടൂർ യൂണിയനിലെ വിവിധ ശാഖകളിൽ ശ്രീനാരായണഗുരുദേവന്റെ 168-ാമത് ജയന്തി വിവിധ പരിപാടികളോടെ ആഘോഷിക്കും.
പന്നിവിഴ 303 -ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ഗുരുജയന്തി സമുചിതമായി ആഘോഷിക്കും. വൈകിട്ട് 3 ന് പന്നിവിഴ സർവീസ് സഹകരണ ബാങ്ക് പരിസരത്തുനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന ജയന്തി ഘോഷയാത്ര ഗുരുമന്ദിരത്തിൽ എത്തി പ്രാർത്ഥന നടത്തിയശേഷം ശാഖാ മന്ദിരത്തിൽ സമാപിക്കും.
മിത്രപുരം 379-ാം നമ്പർ ടി. കെ. മാധവവിലാസം ശാഖയുടെ നേതൃത്വത്തിൽ ഗുരുപൂജ, ഗുരുഭാഗവതപാരായണം എന്നീ ചടങ്ങുകൾ രാവിലെ നടക്കും. വൈകിട്ട് 3.30 ന് മിത്രപുരം ജംഷനിൽ നിന്ന് ജയന്തി ഘോഷയാത്ര ആരംഭിച്ച് ഗുരുമന്ദിരത്തിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കൽ, ചികിത്സാ സഹായ വിതരണം, സമൂഹ പ്രാർത്ഥന എന്നീ ചടങ്ങുകൾ നടക്കും.
എസ്. എൻ. ഡി. പി യോഗം 316-ാം നമ്പർ വടക്കടത്തുകാവ് ശാഖയുടെ നേതൃത്വത്തിൽ പുലർച്ചെ 5.30 മുതൽ ഗുരുക്ഷേത്രത്തിൽ പ്രഭാതപൂജ, ഉഷഃപൂജ, 6.30 മുതൽ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, 7 ന് ശാഖായോഗം പ്രസിഡന്റ് ഷിബു കിഴക്കിടം പതാക ഉയർത്തും. 8 മുതൽ ഗുരുഭാഗവത പാരായണം, 10 മുതൽ സർവൈശ്വര്യപൂജ, വൈകിട്ട് 3 ന് പുലിമല ഗുരുക്ഷേത്രത്തിൽ നിന്ന് ഗുരുപാദ കുടുംബയോഗാംഗങ്ങൾ പങ്കെടുക്കുന്ന ഘോഷയാത്ര. വാദ്യമേമേളങ്ങളുടേയും പുലികളിയുടേയും അകമ്പടിയോടെ പുറപ്പെടുന്ന ഘോഷയാത്ര പുതുശേരിഭാഗം 110-ാം നമ്പർ ശ്രീനാരായണ യുജനസംഘം ഗുരുമന്ദിരത്തിലെത്തി സംയുക്തമായി വാദ്യമേളങ്ങൾ, ശിങ്കാരിമേളം, അമ്മൻകുടം, പൂക്കാവടി, തെയ്യം തുടങ്ങിയ കലാരൂപങ്ങളുടെ അകമ്പടിയോടെ ഗുരുമന്ദിരത്തിൽ സമാപിക്കും.തുടർന്ന് നടക്കുന്ന പൊതുസമ്മേളനം യൂണിയൻ ചെയർമാൻ അഡ്വ. എം. മനോജ് കുമാർ ഉദ്ഘാടനം ചെയ്യും. അവാർഡ് വിതരണവും മുഖ്യസന്ദേശവും യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ നിർവഹിക്കും. ശാഖായോഗം പ്രസിഡന്റ് ഷിബു കിഴക്കിടം അദ്ധ്യക്ഷനായിരിക്കും.ശാഖാ സെക്രട്ടറി കെ. വിജയൻ സ്വാഗതം പറയും.
എസ്. എൻ. ഡി. പി യോഗം 1289-ാം നമ്പർ പറക്കോട് പടിഞ്ഞാറ് ശാഖാ ഗുരുക്ഷേത്രത്തിൽ ഗുരുജയന്തി ആഘോഷിക്കും. രാവിലെ 7 മുതൽ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, 9 മുതൽ ഗുരുഭാഗവതപാരായണം, വൈകിട്ട് 3.30 ന് ജയന്തി സമ്മേളനം യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ജൂനു പ്രസാദ് അദ്ധ്യക്ഷതവഹിക്കും. ഫാ. ജോൺ സ്ളീബ മുഖത്തല പ്രഭാഷണം നടത്തും. ശാഖായോഗം പ്രസിഡന്റ് ബി. സുരേഷ്, വനിതാസംഘം ശാഖാ പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രൻ, വി. ബാലാജി, തുളസി സുരേഷ് എന്നിവർ പ്രസംഗിക്കും.