onam

പത്തനംതിട്ട : പ്രളയവും കൊവിഡും തീർത്ത പ്രതിസന്ധികൾ മറികടന്ന് ഒാണം പകിട്ടുകളോടെ വിരുന്നുവന്നപ്പോൾ നാടും നഗരവും ഉത്രാട പാച്ചിലിൽ തിരക്കിലമർന്നു. വിപണികൾ സജീവമായി. ഇടയ്ക്ക് മാനംകറുത്തു പെയ്തൊഴിഞ്ഞ മേഘങ്ങൾക്കും ഒാണത്തിമിർപ്പിന്റെ ആവേശം കെടുത്താനായില്ല. വസ്ത്രങ്ങളും പൂക്കളും പച്ചക്കറികളും വാങ്ങാൻ ആളുകളുടെ തിരക്കായിരുന്നു. ഇലക്ട്രോണിക്സ് ഷോപ്പുകളിലും വസ്ത്രവ്യാപാരശാലകളിലും സാധനങ്ങൾ വാങ്ങാനെത്തിയവരുടെ തിരക്കേറെയായിരുന്നു. മാവേലി സ്റ്റോറുകളിലും സൂപ്പർ മാർക്കറ്റുകളിലും എത്തി ഒാണവിഭവങ്ങൾ വാങ്ങുന്നവരും നിരവധിയാണ്. വഴിയോര കച്ചവടവും പൊടിപൊടിക്കുന്നു. അന്യസംസ്ഥാനക്കാരാണ് വഴിയോര കച്ചവടങ്ങൾക്ക് മുമ്പിൽ. ഖാദി, ഹാൻഡ്ലൂം വസ്ത്രങ്ങൾക്ക് ഓണത്തോടനുബന്ധിച്ച് കിഴിവുള്ളതിനാൽ ഇത്തരം തുണികൾ വാങ്ങാനും തിരക്കാണ്. കുടുംബശ്രീ യൂണിറ്റുകൾ കേന്ദ്രീകരിച്ച് തദ്ദേശ സ്ഥാപനങ്ങളിൽ ഓണച്ചന്തകളും സജീവമാണ്.