പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെയും ശാഖായോഗങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ 10 ന് ശ്രീനാരായണ ഗുരുദേവജയന്തി ഘോഷയാത്ര നടക്കും. ഉച്ചയ്ക്ക് 2 ന് പത്തനംതിട്ട അബാൻ ജംഗ്ഷനിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും. 25000 ത്തോളം പീതാംബരധാരികളായ ശ്രീനാരായണീയർ പങ്കെടുക്കും. ഗുരുദേവ ചിത്രം വഹിച്ചുകൊണ്ടുള്ള രഥം , വാദ്യമേളങ്ങൾ , ഫ്‌ളോട്ടുകൾ , നാടൻ കലാരൂപങ്ങൾ , ബാന്റ് സെറ്റ് എന്നിവയുടെ അകമ്പടിയോടെ സെൻട്രൽ ജംഗ്ഷൻ , സ്റ്റേഡിയം ജംഗ്ഷൻ , കളക്ടറേറ്റ് വഴി പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സമാപിക്കും.
വൈകിട്ട് 4ന് നടക്കുന്ന മഹാ സമ്മേളനം എസ്. എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. ഗുരു പ്രസാദത്തിനൊരു വിഷുക്കൈനീട്ടം പദ്ധതി പ്രകാരം നിർമ്മിച്ച വീടിന്റെ സമർപ്പണം മന്ത്രി വീണാജോർജ് നിർവഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മാനദാനം നിർവഹിക്കും . അഡ്വ. കെ. യു. ജനീഷ്‌കുമാർ എം. എൽ.എ, നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർഹുെസൈൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. വാഹനങ്ങൾ കല്ലറക്കടവ് ,സ്റ്റേഡിയം റോഡ് ,വെട്ടിപ്രം റോഡ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു . ഗ്രീൻ പ്രോട്ടോകോൾ പാലിച്ചായിരിക്കും റാലിയും സമ്മേളനവും . റാലിയുടെ ക്രമീകരണ ത്തിനായി 100 യൂത്ത് മൂവ്‌മെന്റ് വാളന്റിയർമാരെ നിയോഗിച്ചിട്ടുണ്ട് . കുടിവെള്ളം നൽകുന്ന തിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ, യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, വൈസ് പ്രസിഡന്റ് സുനിൽമംഗലത്ത് , യോഗം അസി. സെക്രട്ടറി ടി .പി. സുന്ദരേശൻ, യൂണിയൻ കൗൺസിലർമാരായ പി. കെ. പ്രസന്നകുമാർ, കെ. എസ്. സുരേശൻ, മൈക്രോ ഫിനാൻസ് കോർഡിനേറ്റർ കെ. ആർ. സലീല നാഥ് എന്നിവർ പറഞ്ഞു.