ss

പത്തനംതിട്ട യൂണിയന്റെ ചതയാഘോഷത്തിൽ വെള്ളാപ്പള്ളി മുഖ്യാതിഥി

പത്തനംതിട്ട: വിശ്വഗുരു ശ്രീനാരായണഗുരുദേവന്റെ 168ാമത് ജയന്തി ആഘോഷം ഇന്ന് ജില്ലയിലെമ്പാടും എസ്.എൻ.ഡി.പി യോഗത്തിന്റെയും വിവിധ ശ്രീനാരായണ സംഘടനകളുടെയും നേതൃത്വത്തിൽ ആഘോഷിക്കും. യോഗം പത്തനംതിട്ട യൂണിയന്റെയും വിവിധ ശാഖാ യോഗങ്ങളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന ജയന്തി ഘോഷയാത്രയിലും സമ്മേളനത്തിലും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യാതിഥിയായി പങ്കെടുക്കും.

ഉച്ചയ്ക്ക് രണ്ടിന് പത്തനംതിട്ട അബാൻ ജംഗ്ഷനിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും. 25000 ത്തോളം പീതാംബരധാരികളായ ശ്രീനാരായണീയർ പങ്കെടുക്കും. ഗുരുദേവ ചിത്രം വഹിച്ചുകൊണ്ടുള്ള രഥം, വാദ്യമേളങ്ങൾ, വിവിധ ശാഖകളുടെ നേതൃത്വത്തിലുളള ഫ്‌ളോട്ടുകൾ, നാടൻ കലാരൂപങ്ങൾ, ബാന്റ് സെറ്റ് എന്നിവയുടെ അകമ്പടിയോടെ സെൻട്രൽ ജംഗ്ഷൻ, സ്റ്റേഡിയം ജംഗ്ഷൻ, കളക്ടറേറ്റ് വഴി പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സമാപിക്കും.

വൈകിട്ട് നാലിന് മഹാ സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. ഗുരു പ്രസാദത്തിനൊരു വിഷുക്കൈനീട്ടം പദ്ധതി പ്രകാരം നിർമ്മിച്ച വീടിന്റെ സമർപ്പണം മന്ത്രി വീണാജോർജ് നിർവഹിക്കും. യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മാനദാനം നിർവഹിക്കും. അഡ്വ. കെ. യു. ജനീഷ്‌കുമാർ എം.എൽ.എ, നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ, യോഗം പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, യോഗം അസി. സെക്രട്ടറി ടി.പി സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, ഡയറക്ടർ ബോർഡംഗം സി.എൻ. വിക്രമൻ തുടങ്ങിയവർ സംസാരിക്കും.

രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന വിപുലമായ ചതയദിന ഘോഷയാത്രയെ വരവേൽക്കാൻ നഗരം ഒരുങ്ങി. പീതവർണക്കൊടികളും തോരണങ്ങളുമായി നഗരം അലങ്കരിച്ചു. റാലിയുടെ ക്രമീകരണത്തിനായി 100 യൂത്ത് മൂവ്‌മെന്റ് വാളന്റിയർമാരെ നിയോഗിച്ചിട്ടുണ്ട്. ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്ക് കുടിവെള്ളം നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് .

വാഹന പാർക്കിംഗ്

വാഹനങ്ങൾ കല്ലറക്കടവ്,സ്റ്റേഡിയം റോഡ് ,വെട്ടിപ്രം റോഡ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചായിരിക്കും റാലിയും സമ്മേളനവും നടത്തുന്നത്.