1

തെങ്ങമം: തിരുവോണദിനത്തിൽ ചക്കൻചിറ നിവാസികളുടെ കുടിവെള്ളം മുട്ടിച്ച് വാട്ടർ അതോറിറ്റി. സമുദ്രനിരപ്പിൽ നിന്ന് 1200 അടി ഉയരമുള്ള ചക്കൻചിറമലയിൽ ഇപ്പോഴും കിണറുകളിൽ വെള്ളമില്ല. ഇവിടെത്തന്നെയുള്ള ചെറുകിട ജലവിതരണ സംവിധാനമാണ് ഇവർക്കാശ്രയം. തിരുവോണനാളിൽ രാവിലെ പൈപ്പിൻ ചുവട്ടിൽ വെള്ളമെടുക്കുവാൻ ചെന്നപ്പോൾ വെള്ളമില്ല . പഞ്ചായത്ത് മെമ്പർ ജി. പ്രമോദിനെ വിവരമറിയിച്ചു. ഓപ്പറേറ്ററെ വിളിച്ചപ്പോഴാണ് മോട്ടോർ കേടായതാണന്ന് പറയുന്നത്. പഞ്ചായത്ത് മെമ്പർ ഇടപെട്ട് കുടിവെള്ളമെത്തിച്ച് നൽകിയതോടെയാണ് ചക്കൻചിറ നിവാസികൾ ഓണമൊരുങ്ങിയത്. വളരെ പഴകിയ മോട്ടോറാണ് ഇവിടെയുള്ളത്. ഒരു വർഷത്തിൽ അഞ്ച് തവണയെങ്കിലും കേടാകും. കഴിഞ്ഞ വേനലിൽ മോട്ടോർ കേടായിട്ടും ശരിയാക്കാനോ പുതിയത് സ്ഥാപിക്കാനോ വാട്ടർ അതോറിറ്റി തയ്യാറായില്ല. മാസങ്ങളോളം കുടിവെള്ളം മുടങ്ങി . ഇത് കേരളകൗമുദി വാർത്തയാക്കിയതിനെ തുടർന്നാണ് മോട്ടോർ ശരിയാക്കിയത്. 30 വർഷത്തിലധികം പഴക്കമുള്ള മോട്ടോറാണ് ഇവിടെയുള്ളതെന്ന് പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് ഇളംപള്ളിൽ മൂന്നാം വാർഡ് മെമ്പർ ജി. പ്രമോദ് പറഞ്ഞു. ഇതിന്റെ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കുകയാണ്.