 
റാന്നി: ഇട്ടിയപ്പാറ കാവുങ്കൽപടി ബൈപ്പാസ് ജംഗ്ഷനിൽ വൺവേ തെറ്റിച്ച് അമിതവേഗത്തിൽ വന്ന പിക്ക് അപ്പ് വാൻ ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 2 മണിയോടെ ഇട്ടിയപ്പാറ പോസ്റ്റ് ഓഫീസിന് സമീപമായിരുന്നു അപകടം. റാന്നി നെല്ലിയ്ക്കാമൺ കരിംകുറ്റി മിനിവിലാസം വീട്ടിൽ കൃഷ്ണപിള്ളയുടെ മകൻ ബാഹുലേയൻ നായർ (57) ആണ് മരിച്ചത്. പ്ലാച്ചേരി ഭാഗത്തുനിന്ന് പത്തനംതിട്ടയിലേക്ക് വന്നതായിരുന്നു ഓട്ടോ. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. പിക്ക് അപ്പ് ഡ്രൈവർ കോട്ടയം പൂഞ്ഞാർ നടുഭാഗം മറ്റക്കാട് ഇലവുങ്കൽ അൻസാരിയുടെ മകൻ അൻസലി(30)നെ റാന്നി പൊലീസ് അറസ്റ്റുചെയ്തു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട് കറങ്ങിത്തിരിഞ്ഞ ഓട്ടോയിൽ പിന്നിൽ വന്ന സ്കൂട്ടർ ഇടിച്ച് മറിഞ്ഞ് യാത്രികരായ ദമ്പതികൾക്ക് നിസാര പരിക്കേറ്റു.ഗീതയാണ് ബാഹുലേയൻ നായരുടെ ഭാര്യ. മകൻ അരുൺബാബു, മരുമകൾ ശ്രുതി. സംസ്കാരം ഇന്ന് രാവിലെ 11.30ന്.