റാന്നി : റാന്നി യൂണിയനിലെ വിവിധ ശാഖകളിൽ ഇന്ന് ഗുരുദേവ ജയന്തി ആഘോഷം നടക്കും. ഗുരു ക്ഷേത്രങ്ങളിൽ വിശേഷാൽ ഗുരുപൂജയും, ഗുരു പുഷ്പാഞ്ജലികളും നടക്കും. വീടുകളും തെരുവോരങ്ങളും പീത പതാകയാൽ അലംകൃതതമായിരിക്കുകയാണ്. വിവിധ ശാഖകളിലെ ഭാരവാഹികളും യൂത്ത് മൂവ്മെന്റ് , വനിതാ സംഘം പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി ഗുരുദേവ ജയന്തി വിളംബര ജാഥകളും ബൈക്ക് റാലികളും സങ്കടിപ്പിക്കും.
വലിയകുളം: ശ്രീ നാരായണ ഗുരുദേവന്റെ 168- മത് തിരുജയന്തി ആഘോഷം വലിയകുളം 85 -ാം എസ്.എൻ.ഡി.പി ശാഖയുടേയും ഇതര പോഷക സങ്കടയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടുകൂടി ഇന്ന് നടത്തും. രാവിലെ 6 മുതൽ വിശേഷാൽ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി എന്നിവ നടക്കും. ഉച്ചക്ക് 3ന് ഘോഷയാത്ര ചൂരക്കുഴി ഗുരുദേവ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് വലിയകുളം ഓലിക്കൽപ്പടിയിൽ എത്തി മഹാദേവ ക്ഷേത്രത്തിൽ സമാപിക്കും.4ന് സമൂഹ പ്രാർത്ഥന,4.30ന് ഗുരുധർമ പ്രചാരണ സഭ ജില്ലാ മുൻ പ്രസിഡന്റ് പി.എൻ മധുസൂദൻ പ്രഭാഷണം നടത്തും. തുടർന്ന് വിദ്യാഭ്യാസ ചികിത്സാ ധന സഹായ വിതരണവും നടത്തും.
അത്തിക്കയം: അത്തിക്കയം 362-ാം എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ ഘോഷയാത്രയും, സാംസ്‌കാരിക സമ്മേളവും നടത്തും.രാവിലെ 10ന് അത്തിക്കയം ഗുരുദേവക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര അറയ്ക്ക്മൺ ഗുരു മന്ദിരത്തിലേതിലെത്തി പ്രദക്ഷിണം വച്ച ശേഷം തിരികെ ഗുരുദേവക്ഷേത്രത്തിൽ എത്തിച്ചേരും.തുടർന്ന് 11ന് ആരംഭിക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് സി.ജി വിജയകുമാർ അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി അജിത ബിജു സ്വാഗതം പറയും.മാസ്റ്റർ. സൂര്യകിരൺ ആഞ്ഞിലിത്താനം ചതയദിന സന്ദേശം നൽകും.വൈസ് പ്രസിഡന്റ് ടി.ജി സോമൻ കൃതജ്ഞത രേഖപ്പെടുത്തും.
പെരുനാട്: എസ്. എൻ. ഡി. പി യോഗം പെരുനാട് സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 168 ആമത് ജന്മദിനാഘോഷം പെരുനാട് പഞ്ചായത്തിലെ 79 കക്കാട്, 420 മാടമൺ, 831 പെരുനാട്, 3251 കണ്ണന്നുമൺ, 3570 വയറൻമരുതി, 3571 പെരുനാട് ടൗൺ, 6073 മുക്കം, 6447 ളാഹ എന്നീ ശാഖകളുടെയും പോഷക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ പെരുനാട് ശ്രീനാരായണ നഗറിൽ (ശബരിമല ഇടത്താവളം) ആഘോഷിക്കും. ഉച്ചക്ക് 1.30ന് സംയുക്ത സമിതിയുടെ ആസ്ഥാനത്തുനിന്നും ആരംഭിക്കുന്ന ഘോഷയാത്ര എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് എരുവാറ്റുപുഴ ഗുരുദേവ ക്ഷേത്രം വഴി മടത്തുംമൂഴി ഗുരുദേവ ക്ഷേത്ര അങ്കണത്തിൽ എത്തിച്ചേരുന്നു. തുടർന്നു ശബരിമല എത്താത്തവളത്തിൽ നടത്തുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സംയുക്ത സമിതി പ്രസിഡന്റ് പ്രമോദ് വാഴാംകുഴി അദ്ധ്യക്ഷത വഹിക്കും. റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ.മണ്ണടി മോഹനൻ ഉദ്ഘാടനം നിർവഹിക്കും. മുഖ്യ പ്രഭാഷണം അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ നിർവഹിക്കും. ജയന്തി സന്ദേശം പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനൻ നിർവഹിക്കും. തുടർന്ന് ശാഖാ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ ആശംസകൾ അർപ്പിക്കും. അതിനോടൊപ്പം വിവിധ സ്കോളർഷിപ്പുകളും വിതരണം ചെയ്യും.