p

പത്തനംതിട്ട: എ.ഐ.സി.സി മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി കന്യാകുമാരി മുതൽ കാശ്മീർ വരെ നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലായി പതിനായിരം കോൺഗ്രസ് പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ഭാരത് ജോഡോ യാത്ര ജില്ലാ സംഘാടക സമിതി യോഗം തീരുമാനിച്ചു.

അടൂർ, കോന്നി, ആറന്മുള, റാന്നി നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ 12ന് വൈകിട്ട് 4 മുതൽ 7 വരെ തിരുവനന്തപുരം ശ്രീകാര്യത്തു നിന്ന് കഴക്കൂട്ടം വരെയും തിരുവല്ല നിയോജക മണ്ഡലത്തിൽ നിന്നുള്ള പ്രവർത്തകർ 17ന് വൈകിട്ട് 4 മുതൽ 7 വരെ കായംകുളത്തുനിന്ന് ചേപ്പാട് വരെയുമാണ് യാത്രയിൽ പങ്കാളികളാകുന്നത്.

ജില്ലയിൽ 79 മണ്ഡലങ്ങളിലെ 1080 ബൂത്തുകളിൽ നിന്നുള്ള പ്രവർത്തകർ ഭാരത് ജോഡോ യാത്രയിൽ അണിനിരക്കും.
ഇതിനായി മണ്ഡലം ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ വാഹനങ്ങൾ ബുക്ക് ചെയ്തിട്ടുണ്ട്.

സംഘാടക സമിതി യോഗം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോഓർഡിനേറ്റർ ബാബു ജോർജ്, കൺവീനർ എ. ഷംസുദ്ദീൻ വിവിധ കമ്മിറ്റികളുടെ ഭാരവാഹികളായ വെട്ടൂർ ജ്യോതിപ്രസാദ്, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, കെ.ജാസിംകുട്ടി, സുനിൽ. എസ്. ലാൽ, റോജി പോൾ ഡാനിയേൽ, സുനിൽ കുമാർ പുല്ലാട് എന്നിവർ പ്രസംഗിച്ചു.