ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 5416ാം നമ്പർ പറയരുകാലാ ശാഖയുടെ ആഭിമുഖ്യത്തിൽ ഒന്നാമത് പറയരുകാലാ ശ്രീനാരായണ കൺവെൻഷൻ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി ഇന്ന് വൈകിട്ട് 6.30 ന് ഉദ്ഘാടനം ചെയ്യും. കൺവെൻഷൻ നഗറിൽ കൂടുന്ന സമ്മേളനത്തിൽ യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്തംഗം മഞ്ജു, യൂണിയൻ അഡ്.കമ്മിറ്റിയംഗം കെ.ആർ.മോഹനൻ, പറയരുകാലാ ദേവീക്ഷേത്രം ദേവസ്വം പ്രസിഡന്റ് സുജിത്ത് ബാബു, പത്തിശ്ശേരി മഹാദേവർക്ഷേത്രം പ്രസിഡന്റ് ജയപ്രകാശ് തൊട്ടാവാടി, കായ്പ്പശ്ശേരി കുടുംബക്ഷേത്രം പ്രസിഡന്റ് ധനേശൻ എന്നിവർ ആശംസാപ്രസംഗം നടത്തും. ശാഖാ പ്രസിഡന്റ് എസ്.എസ്.ചന്ദ്രസാബു സ്വാഗതവും സെക്രട്ടറി എൻ.എൻ. ശ്രീധരൻ നന്ദിയും പറയും. ശ്രീനാരായണ ഗുരുദേവന്റെ 168ാമത് ജയന്തിയാഘോഷങ്ങളോടനുബന്ധിച്ചുള്ള ഘോഷയാത്ര പറയരുകാലാ ദേവീക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് വൈകിട്ട് 6 ന് ഗുരുക്ഷേത്രത്തിൽ സമാപിക്കും. ശ്രീനാരായണ കൺവെൻഷനിൽ നാളെ രാവിലെ 10 ന് ഡോ.എം.എം. ബഷീറും തിങ്കളാഴ്ച രാവിലെ 10 ന് സൗമ്യ അനിരുദ്ധ് കോട്ടയവും, സമാപന ദിവസമായ ചൊവ്വാഴ്ച രാവിലെ 10 ന് വൈക്കം മുരളിയും പ്രഭാഷണം നടത്തും. കൺവെൻഷനോടനുബന്ധിച്ച് വൈദികയോഗം ചെങ്ങന്നൂർ യൂണിയന്റെ നേതൃത്വത്തിൽ ഗുരുക്ഷേത്രത്തിൽ വിശേഷാൽ പൂജകളും സമാപന ദിവസം ഗുരുദേവ കൃതികളുടെ സംഗീതാവിഷ്‌കാരവും ഭക്തിഗാനസുധയും ഉണ്ടായിരിക്കും.