
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലോത്സവം നാളെ ഉച്ചയ്ക്ക് ഒന്നിന് കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡി ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. എസ്. രാജൻ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മുഖ്യാതിഥിയായിരിക്കും. മത്സര വള്ളംകളിയുടെ ഉദ്ഘാടനം സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവഹിക്കും. വഞ്ചിപ്പാട്ട് കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങ് സംസ്ഥാന ധനകാര്യമന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിക്കും. തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി നിർവിണ്ണാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പള്ളിയോട ശിൽപികളെ ആദരിക്കും. രാമപുരത്ത് വാര്യർ പുരസ്‌കാരം സംസ്ഥാന സാംസ്‌കാരിക മന്ത്രി വി. എൻ. വാസവൻ നൽകും. പള്ളിയോട സേവാസംഘത്തിന്റെ കാർഷിക പദ്ധതികളുടെ പ്രഖ്യാപനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിക്കും. ആന്റോ ആന്റണി എം.പി പാഞ്ചജന്യം സുവനീർ പ്രകാശനം നിർവഹിക്കും. കൊവിഡ് മഹാമാരി കാരണം രണ്ട് വർഷമായി പ്രതീകാത്മകമായി മാത്രം നടത്തിയിരുന്ന ജലോത്സവം ഇത്തവണ വേഗം കൂടി അടിസ്ഥാനമാക്കിയുള്ള മത്സരം ഉൾപ്പെടെ വിപുലമായാണ് നടത്തുന്നത്.
50 പള്ളിയോടങ്ങൾ
ഇത്തവണ 50 പള്ളിയോടങ്ങൾ പങ്കെടുക്കും. കാട്ടൂർ, കടപ്ര എന്നീ പള്ളിയോടങ്ങൾ പണി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ പങ്കെടുക്കില്ല.
മന്നംട്രോഫിക്കൊപ്പം കാഷ് അവാർഡും
മത്സരവള്ളംകളിയിൽ വിജയിക്കുന്ന എ ബാച്ചിലെയും ബി ബാച്ചിലെയും പള്ളിയോടങ്ങൾക്ക് മന്നം ട്രോഫി ലഭിക്കും. കൂടാതെ അൻപതിനായിരം രൂപ വീതം കാഷ് പ്രൈസും വിജയികൾക്ക് ലഭിക്കും.
ഫോട്ടോഗ്രാഫി മത്സരം
പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തിൽ ആറന്മുള ഉത്രട്ടാതി ജലോത്സവത്തോട് അനുബന്ധിച്ച് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. പമ്പയുടെ പള്ളിയോടങ്ങൾ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നടത്തുന്ന ഫോട്ടോഗ്രാഫി മത്സരത്തിൽ ആർക്കും പങ്കെടുക്കാം. ഒന്നും രണ്ടും മൂന്നും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 7000, 5000, 3000 രൂപ വീതം കാഷ് അവാർഡും പ്രശംസാ പത്രവും ലഭിക്കും. ഫോട്ടോകൾക്ക് പള്ളിയോട സേവാസംഘത്തിന്റെ ഫേസ് ബുക്ക് പേജിലൂടെ പൊതുജനങ്ങൾക്കും വോട്ടും ചെയ്യാം. ഏറ്റവും കൂടുതൽ ലൈക്ക് ലഭിക്കുന്ന 3 ഫോട്ടോകൾക്ക് പ്രോത്സാഹന സമ്മാനമായി കാഷ് അവാർഡും നൽകും. എൻട്രികൾ സെപ്തംബർ 30 ന് മുൻപ് aranmula4vallamkali@gmail.com എന്ന മെയിലിലേക്ക് അയയ്ക്കണം.
രാമപുരത്ത് വാര്യർ പുരസ്‌കാരം സുഗതകുമാരിക്ക്
ഇത്തവണത്തെ രാമപുരത്ത് വാര്യർ പുരസ്‌കാരം അന്തരിച്ച കവി സുഗതകുമാരിക്കുള്ള മരണാനന്തര വിശിഷ്ട പുരസ്‌കാരമായി നൽകും. 10,001 രൂപയും പ്രശസ്തിപത്രവും സമ്മാനമായി നൽകും.