 
അടൂർ : മഹാത്മ അയ്യങ്കാളിയുടെ 159ാ മത് ജയന്തിയോടനുബന്ധിച്ച് അടൂരിൽ വർണാഭമായ ജയന്തി ആഘോഷം നടന്നു. കെ.പി.എം.എസ് അടൂർ താലൂക്ക് യൂണിയന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം. ചേന്നംപള്ളി ജംഗ്‌ഷനിൽ നിന്ന് ആരംഭിച്ച സാംസ്കാരിക ഘോഷയാത്രയ്ക്ക് വാദ്യമേളങ്ങളും മുത്തുക്കുടകളും തെയ്യവും, മറ്റ് കലാരൂപങ്ങളും മിഴിവേകി. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. കെ.എസ് ആർ ടി സി കോർണറിൽ നടന്ന സാംസ്കാരിക സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ: കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്തു.
പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർ പൂജാരിമാരായി വന്നാൽ എന്ത് പ്രതിബന്ധങ്ങളെയും മറികടന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അവരെ അർഹമായ രീതിയിൽ പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പട്ടികജാതിക്കാർ പൂജാരിമാരായി വരുന്നത് ഇപ്പോഴും ഉൾകൊള്ളാൻ കഴിയാത്ത ഒരു വിഭാഗം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.പി.എം.എസ് യൂണിയൻ പ്രസിഡന്റ് സി സുനീഷ് കൈലാസം അദ്ധ്യക്ഷത വഹിച്ചു. അടൂർ നഗരസഭാ ചെയർമാൻ ഡി.സജി, മുൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പഴകുളം മധു , മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്തളം പ്രതാപൻ ,
കെ.പി.എം.എസ് സംസ്ഥാന അസി.സെക്രട്ടറി അനിൽ ബഞ്ചമിൻ പാറ
യൂണിയൻ സെക്രട്ടറി അശോകൻ മങ്ങാട്, ഖജാൻജി അങ്ങാടിക്കൽ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
മീഡിയാ കോർഡിനേറ്റർ ജയൻ ബി. തെങ്ങമം . ഭാരവാഹികളായ വി.റ്റി. അജോമോൻ , പി.ബി. ബാബു, ജിഷാ രാജ്, അജികുമാർ ഇളമണ്ണൂർ എന്നിവർ നേതൃത്വം നൽകി.