
ചെന്നീർക്കര : നല്ലാനിക്കുന്നിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ കുത്തേറ്റവരുടെ നില മെച്ചപ്പെട്ടു. നല്ലാനിക്കുന്ന് പ്ലാവ് നിൽക്കുന്നതിൽ വീട്ടിൽ ആരോമൽ (20), ഇയാളുടെ സഹോദരൻ അഖിൽ, ആരോമലിന്റെ സുഹൃത്തുക്കളായ വിജേഷ്, സുബിൻ എന്നിവർക്കാണ് കുത്തേറ്റത്. ആരോമൽ, അഖിൽ, വിജേഷ് എന്നിവർക്ക് നെഞ്ചിലും വയറ്റിലും തുടയിലുമാണ് ഗുരുതരമായി മുറിവേറ്റത്. ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സുബിന് കയ്യിലാണ് പരിക്ക്. കുത്തിയ ശേഷം പ്രതികൾ എല്ലാവരും ചേർന്ന് മർദ്ദിക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഘർഷം.
കേസിൽ ഒന്നാംപ്രതി മെഴുവേലി പൂപ്പൻകാല അങ്കണനവാടിയ്ക്ക് സമീപം മോടിയിൽ വീട്ടിൽ പീപ്പൻ എന്നുവിളിക്കുന്ന സജിത്തിനെ (39) ഇന്നലെ അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
സജിത്തിനെ ഡിവൈ.എസ്.പി എസ്.നന്ദകുമാർ, സി.എെ ഡി.ദീപു തുടങ്ങിയവരുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു, കുത്താൻ ഉപയോഗിച്ച കത്തി പൂപ്പൻകാല കോളനി റോഡിനു പടിഞ്ഞാറ് പള്ളിയയ്യത്ത് കുഞ്ഞുകുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മരത്തിന്റെ ഇടയിൽ ഒളിപ്പിച്ചുവച്ച നിലയിൽ കണ്ടെത്തി.
ആറാം പ്രതി പാണ്ടനാട് കീഴ്‌വൻമൂഴിയിൽ പൂപ്പുറത്ത് തകിടിയിൽ വീട്ടിൽ നിധീഷ് കുമാർ (26), ഏഴാം പ്രതി കീഴ്‌വൻമൂഴിയിൽ വാലിയേഴത്ത് വീട്ടിൽ അഖിൽ (22) എന്നിവരെ സംഭവ ദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു. രണ്ടു മുതൽ അഞ്ചു വരെ പ്രതികൾ ഒളിവിലാണ്. പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.
തുടർച്ചയായി സംഘർഷം, ആശങ്കയിൽ നാട്ടുകാർ
ഇലവുംതിട്ടയിലും പരിസരങ്ങളിലും തുടർച്ചയായുണ്ടാകുന്ന സംഘർഷം നാട്ടുകാരെ ആശങ്കയിലാക്കുന്നു. പ്രതികൾ മുൻ വൈരാഗ്യത്തോടെ കത്തിയുമായി എത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അക്രമി ഒാണപ്പരിപാടി അലങ്കോലപ്പെടുത്തിയത് ചോദ്യം ചെയ്തപ്പോഴാണ് വോളന്റിയർമാരായ നാലുപേർക്ക് കത്തിക്കുത്തേറ്റത്.
ഇലവുംതിട്ടയിലും പരിസരങ്ങളിലും തുടർച്ചയായി സംഘർഷം ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് മെഴുവേലി ജംഗ്ഷന് സമീപം പാെലീസ് സ്റ്റേഷൻ ആരംഭിച്ചത്. മാതൃകാ പൊലീസ് സ്റ്റേഷനായാണ് പ്രവർത്തിക്കുന്നതെങ്കിലും സംഘർഷങ്ങൾക്ക് കുറവില്ലെന്നാണ് കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. പ്രദേശത്തെ യുവാക്കൾ ചേരിതിരിഞ്ഞുള്ള സംഘട്ടനങ്ങൾക്കു പുറമേ രാഷ്ട്രീയ സംഘർഷങ്ങളും പതിവായപ്പോഴാണ് പൊലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യമുയർന്നത്. എന്നാൽ, അക്രമികളെ അടിച്ചമർത്താനോ ഗുണ്ടാസംഘങ്ങളെ ഇല്ലാതാക്കാനോ പൊലീസിന് കഴിയുന്നില്ല. പ്രദേശത്ത് സ്കൂളുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്നു വിൽപ്പന സംഘങ്ങളും ശക്തമാണ്.