1
അടൂർ ഫയർഫോഴ്സിന്റെഓഫീസ് പ്രവർത്തിക്കുന്ന വാടക കെട്ടിടം

അടൂർ : അടൂർ ഫയർഫോഴ്സ് കെട്ടിട നിർമ്മാണം വൈകിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് നടത്തുന്ന നെറികെട്ട നീക്കങ്ങൾ തുടരുന്നു. പുതിയ കെട്ടിട നിർമ്മാണത്തിനുള്ള സാങ്കേതിക അനുമതി നൽകാതെ പലവിധ കാരണങ്ങൾ നിരത്തി തടസവാദം ഉന്നയിച്ച് നീട്ടിക്കൊണ്ടുപോകുകയാണ്. ഇത് കേരളകൗമുദി വാർത്തയാക്കിയതിന് പിന്നാലെ സാങ്കേതിക അനുമതിക്കുള്ള എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിരുന്നു. എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതിക അനുമതിക്ക് ആദ്യം അയയ്ക്കേണ്ടിയിരുന്നത് എറണാകുളം ജുഡീഷ്യൽ ഓഫീസറുടെ കാര്യാലയത്തിലേക്കായിരുന്നു. എന്നാൽ ഇത് അയച്ചത് തിരുവനന്തപുരം ചീഫ് എൻജിനിയർക്കാണ്. തയ്യാറാക്കിയ എസ്റ്റിമേറ്റ് ഇപ്പോൾ ചീഫ് എൻജിനിയർ ഓഫീസിൽ വിശ്രമത്തിലുമാണ്.

32 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അടൂർ ഫയർഫോഴ്സിന് കെട്ടിട നിർമ്മാണത്തിതിന് 2017 ലാണ് 4.38 കോടി രൂപ അനുവദിക്കുന്നത്. ആഭ്യന്തര വകുപ്പ് ഫയർ ആൻഡ് റസ്ക്യൂ വിഭാഗത്തിന്റെ നവീകരണത്തിനായി അനുവദിച്ച ഫണ്ടിൽ നിന്നുമാണ് തുക വകയിരുത്തിയത്. ഭരണാനുമതി ലഭിച്ചപ്പോൾ 2021 ആയി. വർഷങ്ങളുടെ അകലം എസ്റ്റിമേറ്റ് തുക 4.38 കോടിയിൽ നിന്ന് 4.81 കോടിയായി ഉയരാൻ കാരണമായി. തുക വർദ്ധിച്ചതിനാൽ വീണ്ടും ഭരണാനുമതി വേണ്ടിവന്നു.

എന്നാൽ സാങ്കേതിക അനുമതി നൽകാൻ പൊതുമരാമത്ത് ഡിസൈൻ വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം ബീമുകളുടെ സൈസും വ്യാപ്തിയും കൂടുകയും പൈലുകളുടെ എണ്ണം 70 ൽ നിന്ന് 101 ആയി ഉയരുകയും ചെയ്തു. മാത്രമല്ല ജി.എസ്.ടി 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർന്നതിനാൽ 4.81 കോടിക്ക് കെട്ടിട നിർമ്മാണം നടക്കില്ലെന്നും 5.25 കോടിയെങ്കിലും വേണ്ടിവരുമെന്ന് പൊതുമരാമത്ത് വകുപ്പ് അഗ്നി രക്ഷാവിഭാഗത്തെ അറിയിച്ചു.

2021 ഡിസംബറിലാണ് പന്നിവിഴ കനാലിന് സമീപം കെ.ഐ.പിയുടെ 1.99 ഏക്കർ സ്ഥലം ഫയർസ്റ്റേഷൻ നിർമ്മാണത്തിനായി ഏറ്റെടുത്തത്. ഇവിടെ മണ്ണ് പരിശോധന നടത്തിയിട്ട് മാസങ്ങളായെങ്കിലും കെട്ടിട നിർമ്മാണത്തിന് തടസം ഒഴിയാതെ തുടരുകയാണ്. പണം അഗ്നിരക്ഷാവകുപ്പിന്റെ കയ്യിലുണ്ടായിട്ടും പൊതുമരാമത്ത് വകുപ്പിന്റെ മെല്ലെപ്പോക്കാണ് തടസമായിട്ടുള്ളത്.

നിലവിലെ വാടക കെട്ടിടം ചോർന്നൊലിച്ച് അപകടാവസ്ഥയിലാണ്. അടിസ്ഥാന സൗകര്യങ്ങളില്ലാതെ പരിമിതികളിൽ വീർപ്പുമുട്ടുന്നു. പൊതുമരാമത്ത് വകുപ്പിന്റെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള തുക കൂട്ടി അനുവദിപ്പിക്കുക എന്നത് പദ്ധതി വീണ്ടും വൈകിപ്പിക്കാൻ കാരണമാകും. വിഷയം ശ്രദ്ധയിൽപെട്ട ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ 4.81 കോടി രൂപയ്ക്കുള്ള നിർമ്മാണ പ്രവർത്തനം നടത്തുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് തയ്യാറാക്കിയ എസ്റ്റിമേറ്റാണ് ഇപ്പോൾ വഴി തിരിച്ചുവിട്ടത്.