 
ചെങ്ങന്നൂർ: അന്ധവിശ്വാസവും അനാചാരവും കൊടികുത്തി വാണിരുന്ന കേരളത്തിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ചത് ശ്രീനാരായണ ഗുരുദേവനാണെന്ന് എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി പറഞ്ഞു. 5416-ാം നമ്പർ പറയരുകാലാ ശാഖയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഒന്നാമത് പറയരുകാലാ ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം മഞ്ജു, പറയരുകാലാ ദേവീക്ഷേത്രം ദേവസ്വം പ്രസിഡന്റ് സുജിത്ത് ബാബു, പത്തിശ്ശേരി മഹദേവർക്ഷേത്രം പ്രസിഡന്റ് ജയപ്രകാശ് തൊട്ടാവാടി, കായ്പ്പശ്ശേരി കുടുംബക്ഷേത്രം പ്രസിഡന്റ് ധനേശൻ എന്നിവർ പ്രസംഗിച്ചു. ശാഖാ പ്രസിഡന്റ് എസ്.എസ് ചന്ദ്രസാബു സ്വാഗതവും സെക്രട്ടറി എൻ.എൻ ശ്രീധരൻ നന്ദിയും പറഞ്ഞു. ശ്രീനാരായണ കൺവെൻഷനിൽ ഇന്ന് രാവിലെ 10ന് ഡോ.എം.എം. ബഷീറും, നാളെ രാവിലെ 10ന് സൗമ്യ അനിരുദ്ധ് കോട്ടയവും, സമാപന ദിവസമായ ചൊവ്വാഴ്ച രാവിലെ 10ന് വൈക്കം മുരളിയും പ്രഭാഷണം നടത്തും. കൺവെൻഷനോടനുബന്ധിച്ച് വൈദീകയോഗം ചെങ്ങന്നൂർ യൂണിയന്റെ നേതൃത്വത്തിൽ ഗുരുക്ഷേത്രത്തിൽ വിശേഷാൽ പൂജകളും സമാപന ദിവസം ഗുരുദേവ കൃതികളുടെ സംഗീതാവിഷ്‌കാരവും ഭക്തിഗാനസുധയും നടത്തും.