കോന്നി: മഴ കനത്തതോടെ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി മേഖലയിൽ റോഡ് ചെളിക്കുളമായി. റോഡ് നിർമ്മാണം നടക്കുന്ന ഇവിടെ പല ഭാഗങ്ങളിലും ടാറിംഗ് പണികൾ പൂർത്തിയായിട്ടില്ല. ടാറിംഗിനായി മെറ്റൽ പല ഭാഗങ്ങളിലും നിരത്തിയിട്ടുണ്ട്. ഇത് ഇല്ലാത്ത ഭാഗങ്ങളിൽ മണ്ണ് താഴ്ന്ന് ചെളിക്കുളങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്.ഏറെ പാടുപെട്ടാണ് വാഹനങ്ങൾ കടന്നു പോകുന്നത്.ഗതാഗതക്കുരുക്കും രൂക്ഷമാണ്.വാട്ടർ അതോറിറ്റിയുടെ പൈപ്പുലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിനും മറ്റുമായി റോഡിലെടുത്ത കുഴികളിലും വെള്ളം നിറഞ്ഞിരിക്കുകയാണ്.സെൻട്രൽ ജംഗ്ഷനിൽ പണികൾക്കായി എടുത്ത വലിയ കുഴി നാളുകളേറെയായിട്ടും മൂടിയിട്ടില്ല. നാലുഭാഗത്തേക്കുമുള്ള റോഡുകളിൽ ചെളിവെള്ളം കെട്ടിക്കിടപ്പുണ്ട്. ഇരുചക്രവാഹനയാത്രികരും കാൽ നടയാത്രികരും അപകടത്തിൽപ്പെടുന്നത് പതിവാണ്. മാസങ്ങളായി മുടങ്ങിക്കിടന്ന കുടിവെള്ള വിതരണം കഴിഞ്ഞ ദിവസം പുനരാരംഭിച്ചെങ്കിലും പല ഭാഗത്തും പണികൾ തീരാത്തതുമൂലം വെള്ളം ലഭിക്കുന്നില്ല. സെൻട്രൽ ജംഗ്ഷനിലെ റോഡ് നിർമ്മാണം നീളുന്നത് വ്യാപാരികളെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. അടിയന്തരമായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.