riju-v-chakko
റിജു വി. ചാക്കോ

ചെങ്ങന്നൂർ: ബൈക്കും പിക് അപ് വാനും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. മാന്നാർ ഐ.ടി.ഐ വിദ്യാർത്ഥിയായ തിരുവൻവണ്ടൂർ നന്നാട് വടക്കേമുറിയിൽ റിജു വി. ചാക്കോ (19) ആണ് മരിച്ചത്. എം.സി റോഡിൽ പ്രാവിൻകൂടിനു സമീപം പഴയ ആറാട്ടുകടവ് പാലത്തിൽ ഇന്നലെ വൈകിട്ട് നാലിനാണ് അപകടം. തിരുവല്ലയിൽ നിന്നും ചെങ്ങന്നൂരിലേക്ക് ടയർ കയറ്റി വന്ന പിക് അപ് വാനും തിരുവല്ല ഭാഗത്തേക്ക് പോയ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന ചെങ്ങന്നൂർ ട്രാഫിക് പൊലീസ് ഗുരുതരമായി പരിക്കേറ്റ റിജുവിനെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന ബന്ധുവായ മാമ്പുഴക്കരി സ്വദേശി ആരോൺ (14) പരിക്കുകളോടെ ആശുപത്രിയിൽ ചികിൽസയിലാണ്.