 
മല്ലപ്പള്ളി : ശക്തമായ മഴയെ തുടർന്ന് എഴുമറ്റൂർ -തടിയൂർ തുണ്ടിയിൽപ്പടി റോഡിന്റെ അപ്രോച്ച് റോഡിലെ കുഴികൾ അപകടക്കെണിയാകുന്നു. റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പുറമെയാണ് ഈ ദുരവസ്ഥ. എഴുമറ്റൂർ വായന ജംഗ്ഷൻ മുതൽ കഞ്ഞിത്തോട് - ഇരുമ്പു കുഴി വരെയുള്ള ഭാഗങ്ങളിലാണ് റോഡിന്റെ ഓരങ്ങൾ തകർന്ന് വൻ ഗർത്തങ്ങൾ ഉണ്ടായിരിക്കുന്നത്. ഇരുചക്ര വാഹന യാത്രക്കാരും രാത്രി യാത്രക്കാരുമാണ് അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ ദിവസം റാന്നി സ്വദേശിയുടെ കാർ കുഴിയിൽ അകപ്പെട്ടിരുന്നു. ടാറിംഗ് ഇല്ലാതെ രണ്ടാഴ്ചകൾക്ക് മുമ്പ് നടന്ന കുഴിയടപ്പ് നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. റോഡിന്റെ വശങ്ങളിൽ ഉണ്ടായിട്ടുള്ള കുഴികൾ നികത്തി റോഡ് ഉന്നത നിലവാരത്തിലാക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായി. റോഡിന് വശങ്ങളിൽ ഓടകളില്ലാത്തതും, കാരമല - എഴുമറ്റൂർ ഹോസ്പിറ്റൽ റോഡ് സങ്കമിക്കുന്ന തുണ്ടിയിൽപ്പടി റോഡിന്റെ ഭാഗത്ത് കലുങ്ക് ഇല്ലാത്തതും പ്രധാനമായും വെള്ളപാച്ചിലിന് കാരണമാകുന്നതെന്നാണ് വിലയിരുത്തൽ.അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം ശക്തമാണ്.
..........
റോഡ് ഉന്നത നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിക്കുന്നതിനോടൊപ്പം,കലുങ്കുകളുടെയും ഓടകളുടെയും നിർമ്മാണത്തിന് പദ്ധതി വിഭാവനം ചെയ്യണം.
രമേശ് കുമാർ മഞ്ചാടിയിൽ
(പ്രദേശവാസി)