 
പത്തനംതിട്ട : ടാർ ചെയ്തിട്ട് വർഷങ്ങളായി കടമ്മനിട്ട - വെട്ടിപ്രം- പത്തനംതിട്ട റോഡ്. നിറയെ കുഴികൾ രൂപപ്പെട്ടിരിക്കുന്ന ഈ റോഡിൽ നിർമ്മാണം നടത്താൻ അധികൃതർ തയാറാകുന്നില്ല. നൂറ് മീറ്റർ ഇടവിട്ട് റോഡിൽ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. പൈപ്പ് ലൈനിടാനായി കുഴിച്ച കുഴിയിൽ നിന്നെടുത്ത മണ്ണും ചെളിയുമായി റോഡ് നിറഞ്ഞിരിക്കുകയാണ്. റോഡിലെ കുഴി ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് ഇരുചക്രവാഹന യാത്രികരെയാണ്. ഒരു ദിവസം മൂന്ന് പേരെങ്കിലും നാല് കിലോമീറ്റർ ദൂരമുള്ള ഈ റോഡിലെ ഏതെങ്കിലും കുഴിയിൽ വീഴാറുണ്ട്. ഓട ഇല്ലാത്തതിനാൽ മഴപെയ്താൽ റോഡിലൂടെയാണ് വെള്ളം ഒഴുകുന്നത്. ജില്ലയിൽ മഴ വർദ്ധിച്ചതോടെ വലിയ രീതിയിൽ റോഡിൽ കുത്തൊഴുക്കുണ്ടാക്കുകയാണ്. റോഡിലെ കുഴിയിൽ വെള്ളം കൂടി നിറഞ്ഞാൽ കുഴിയുടെ ആഴമറിയാതെ ചാടി അപകടത്തിൽപ്പെടാറുണ്ട് പലരും.സ്കൂളുകളടക്കം ഈ റോഡിനടുത്തുണ്ട്. പത്തനംതിട്ട പ്രസ്‌ക്ലബ് ഭാഗത്ത് റോഡിൽ മണ്ണ് നിറഞ്ഞിരിക്കുന്നതിനാൽ റോഡ് താണും മണ്ണിട്ടിരിക്കുന്ന ഭാഗം ഉയർന്നിരിക്കുകയാണ്. ഇവിടെ പൈപ്പിടൽ പൂർത്തിയായെങ്കിലും കുഴിയെടുത്ത ഭാഗം മൺകൂനയായി കിടക്കുകയാണ്. തുടർച്ചയായി മഴപെയ്യുന്നതോടെ മണ്ണുംചെളിയും നിരന്ന് റോഡിൽ കാൽനടയാത്രക്കാർക്ക് നടന്നുപോകാൻ പോലും കഴിയാത്ത സ്ഥിതിയാണ്. റോഡരികിലെ സ്ഥാപനങ്ങളിലേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം മണ്ണ് കുന്നുകൂടി കിടപ്പുണ്ട്. പത്തനംതിട്ട പ്രസ് ക്ലബ് അടക്കം നിരവധി സ്ഥാപനങ്ങൾ ബാങ്കുകൾ, കെ.എസ്.ഇ.ബി ഓഫീസ്, ഇൻഷുറൻസ് ഓഫീസ്, എൽ.പി സ്‌കൂൾ തുടങ്ങിയ ഈ ഭാഗത്തുണ്ട്. ദിവസവും നൂറ് കണക്കിനാളുകൾ ഇതുവഴി യാത്ര ചെയ്യുന്ന റോഡാണിത്.
..........
- 100 മീറ്റർ ഇടവിട്ട് കുഴികൾ
ദിവസവും അപകടങ്ങൾ പതിവ്
........
റോഡരികിലാണ് ഓട്ടോറിക്ഷാ സ്റ്റാൻഡ്. മഴ പെയ്ത് ചെളി തെറിക്കുന്നതിനാൽ ഓട്ടോയിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. അധികൃതർ ഇടപെട്ട് അടിയന്തരമായി പരിഹാരം കാണണം.
(ഓട്ടോ ഡ്രൈവർമാർ)