കോന്നി: കൂടലിലും സമീപപ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാകുന്നു. സ്‌കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികളും പ്രഭാത സവാരിക്കാരും രാവിലെ ദേവാലയങ്ങളിൽ പോകുന്നവരും ഭീതിയിലാണ്. കൂട്ടത്തോടെയെത്തുന്ന ഇവറ്റകളുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് പലരും രക്ഷപ്പെടുന്നത്. റോഡരികിൽ മാലിന്യം തളളുന്നതും കോഴിമാലിന്യം ശരിയായ രീതിയിൽ നശിപ്പിക്കാത്തതും പ്രദേശത്ത് തെരുവ് നായ്‌ക്കൾ പെരുകാൻ കാരണം. കൂടൽ ജംഗ്ഷൻ, പുന്നമൂട്, നെല്ലിമുരുപ്പ്, ഗാന്ധി ജംഗ്ഷൻ, കൂടൽ മാർക്കറ്റ്, സപ്ലൈകോ എന്നിവിടങ്ങളിലെല്ലാം തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. റബർ ടാപ്പിംഗ് ചെയ്യുന്നവരും ഭീതിയിലാണ്. തെരുവ് നായ്ക്കളെ നിയന്ത്രിക്കാനും റോഡരികിൽ മാലിന്യം തള്ളുന്നത് അവസാനിപ്പിക്കാനും അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇരുചക്രവാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവരാണ് ഏറെയും തെരുവ് നായ്ക്കളുടെ ഇരകളാകുന്നത്. പൊതുനിരത്തുകളും കടവരാന്തകളും നായ്കളുടെ വിഹാരകേന്ദ്രങ്ങളാണ്.
വളവുകളിൽ നിന്ന് റോഡിലേക്ക് ഓടിയിറങ്ങുന്ന നായ്കളെ ഇടിച്ചാണ് ഏറെയും അപകടങ്ങൾ ഉണ്ടാകുന്നത്. അറവു മാലിന്യങ്ങൾ ഭക്ഷിക്കാനെത്തുന്നവയാണ് ഏറെയും. പ്ലാസ്റ്റിക് കവറുകൾ കടിച്ചുകീറി റോഡിലിടുന്നതും പതിവാണ്. ടൗണുകളിൽ നിന്ന് വാഹനങ്ങളിൽ കൊണ്ടുവന്ന് ആളൊഴിഞ്ഞ സ്ഥലങ്ങളിൽ നായ്കളെ ഉപേക്ഷിക്കുന്നുണ്ട്. പിന്നീട് ഇവറ്റകൾ ജനവാസ കേന്ദ്രങ്ങളും റോഡുകളും താവളമാക്കുകയാണ്.
....
പ്രദേശത്തെ തെരുവ് നായ്ക്കളുടെ ശല്യം അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണം
കൂടൽ നോബൽകുമാർ ( മനുഷ്യാവകാശ ഫോറം സംസ്ഥാന സെക്രട്ടറി )