12-ps-vijayan
കോഴഞ്ചേരി എസ്. എൻ. ഡി. പി. യൂണിയൻ പ്രസിഡന്റ് മോഹൻ ബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ മഹാ സമ്മേളനത്തിൽ എസ്. എൻ. ഡി. പി. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി. എസ്. വിജയൻ സംസാരിക്കുന്നു

കോഴഞ്ചേരി : കോഴഞ്ചേരി എസ്.എൻ.ഡി.പി. യൂണിയന്റെ നേതൃത്വത്തിൽ മാരാമണ്ണിൽ നിന്നും ആരംഭിച്ച ശ്രീനാരായണ ഗുരുദേവന്റെ 168ാമത് ജയന്തി ആഘോഷം വർണാഭമായി. കോഴഞ്ചേരി യൂണിയനിലെ 28 ശാഖകളിൽ നിന്നുള്ള ആയിരക്കണക്കിന് പിതാംബരധാരികൾ അണിനിരന്ന ഘോഷയാത്രയിൽ ഗുരുദേവ ചിത്രം അലങ്കരിച്ച രഥം, പാഞ്ചാരിമേളം, വിവിധ ശാഖകൾ അവതരിപ്പിച്ച വാദ്യമേളങ്ങൾ, വിവിധ നിശ്ചല ദൃശ്യങ്ങൾ, കഥകളി വേഷങ്ങൾ ഉൾപ്പെടെയുള്ളവ കോഴഞ്ചേരി പട്ടണത്തെ പീതസാഗരമാക്കി. തെക്കേമല യൂണിയനോഫീസിലെ ഡി.സുരേന്ദ്രൻ സ്മാരക ഹാളിൽ നടത്തിയ പൊതു സമ്മേളനം എസ്.എൻ.ഡി.പി.യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.വിജയൻ ഉദ്്ഘാടനം ചെയ്തു.കോഴഞ്ചേരി എസ്.എൻ.ഡി.പി.യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വി.ആർ.സോജി മുഖ്യ പ്രഭാഷണവും, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ യൂണിയൻ വക വിദ്യാഭ്യാസ അവാർഡും, യോഗം ജനറൽ സെക്രട്ടറി അനുവദിച്ച യൂണിയനിലെ വിവിധ ശാഖാ അംഗങ്ങൾക്കുള്ള ചികിത്സാ സഹായവും വിതരണം ചെയ്തു. തുടർന്ന് ഘോഷയാത്രയിൽ പങ്കെടുത്ത വിവിധ മേഖലയിൽ മികവ് കാട്ടിയ ശാഖകൾ, ഗുരുമന്ദിരം എറ്റവും നല്ല രീതിയിൽ അലങ്കരിച്ചതിന് എർപ്പെടുത്തിയ പൂവത്തൂർ പി. എൻ.ശ്രീധരൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫി 95-ാം വെള്ളിയ - പ്ലാങ്കമൺ ശാഖയും 152-ാം കാരംവേലി ശാഖയും സംയുക്ത വിജയികളായി. നറുക്കെടുപ്പിലൂടെ ആദ്യ ഒന്നര വർഷക്കാലം കാരംവേലി ശാഖയും, തുടർന്നുള്ള ഒന്നര വർഷക്കാലം വെള്ളയറ -പ്ലാങ്കമൺ ശാഖയും ഏവർ റോളിംഗ് ടോഫി കൈവശംവയ്ക്കും. ഏറ്റവും കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിക്കുന്ന ശാഖയ്ക്ക് ഏർപ്പെടുത്തിയ മെഴുവേലി തോലത്തടത്തിൽ ടി.കെ.വാസു മെമ്മോറിയൽ ഏവർറോളിംഗ് ട്രോഫി 94 -ാം കടപ്ര ശാഖനേടി. ഏറ്റവും കൂടുതൽ പീതാംബരധാരികളെ പങ്കെടുപ്പിക്കുന്ന ശാഖയ്ക്ക് ഏർപ്പെടുത്തിയ കടപ്ര ചേന്നമല മണ്ണിൽ സി.കെ.രാമൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫി 91-ാം നാരങ്ങാനം ശാഖയും, എറ്റവും നല്ല നിശ്ചല ദൃശ്യം അവതരിപ്പിക്കുന്നവർക്ക് ഏർപ്പെടുത്തിയ കടപ്ര വാഴക്കാലായിൽ മാധവൻ രാജപ്പൻ ഏവർറോളിംഗ് ട്രോഫി 69-ാം ഇടയാറന്മുള ശാഖയും നേടി. ഈ വർഷം പുതിയതായി ഏർപ്പെടുത്തിയ ഏറ്റവും ഭക്തിനിർഭരമായ രീതിയിൽ ഘോഷയാത്ര സംഘടിപ്പിക്കുന്ന ശാഖയ്ക്ക് കുറിയന്നൂർ കാക്കനാട്ടിൽ കെ.ആർ.ചന്ദ്രമതിയമ്മ മെമ്മോറിയൽ ഏവർറോളിംഗ് ട്രോഫി 95-ാം വെള്ളിയറ-പ്ലാങ്കമൺ ശാഖയും നേടി. സമാപന സമ്മേളനത്തിൽ ആശംസയർപ്പിച്ച് നിയുക്ത യോഗം ഡയറക്ടർബോർഡു മെമ്പർ രാകേഷ്, യൂണിയൻ കൗൺസലർമാരായ അഡ്വ.സോണി പി.ഭാസ്‌ക്കർ, പ്രേംകുമാർ മുളമൂട്ടിൽ രാജൻ കുഴിക്കാല, സുഗതൻ പൂവത്തുർ, സിനു എസ്.പണിക്കർ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് വിനീത അനിൽ, വനിതാസംഘം യൂണിയൻ സെക്രട്ടറി ബാംബി രവീന്ദ്രൻ യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ജീനു ദാസ്, സെക്രട്ടറി സോജൻ സോമൻ എന്നിവർ സംസാരിച്ചു. മഹാസമ്മേളനത്തിന് കോഴഞ്ചേരി യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ സ്വാഗതവും, യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ കൃതജ്ഞതയും രേഖപ്പെടുത്തി.