b-batch
ബി ബാച്ച് ജേതാക്കളായ ഇടപ്പാവൂർ പള്ളിയോട കരക്കാരുടെ ആഹ്ളാദം

ആറൻമുള : വള്ളംകളിക്ക് ചെന്നിത്തല പള്ളിയോടത്തിൽ ആറൻമുളയിലേക്ക് വന്ന മൂന്ന് പേർ, പള്ളിയോടം മറിഞ്ഞ് മുങ്ങി മരിച്ച സാഹചര്യത്തിൽ ഉദ്ഘാടന ചടങ്ങ് പൊലിമയില്ലാതെയാണ് നട‌ത്തിയത്. കൊവിഡിനെ തുടർന്ന് രണ്ടുവർഷം ചടങ്ങു മാത്രമായി നടത്തിയ വള്ളംകളി ഇത്തവണ ജനപങ്കാളിത്തത്തോടെ വിപുലമായി നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. രണ്ടു കേന്ദ്രമന്ത്രിമാരെയും അഞ്ച് സംസ്ഥാന മന്ത്രിമാരെയും ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നതാണ്. പള്ളിയോടം മറിഞ്ഞ് മരണത്തിൽ കേന്ദ്ര ടൂറിസം മന്ത്രി കിഷൻ റെഡ്ഡി അനുശോചനം അറിയിക്കുകയും ചെയ്തു. ദുരന്ത സാഹചര്യത്തിൽ മത്സര വള്ളംകളി ഉപേക്ഷിക്കണമെന്ന് പള്ളിയോട സേവാസംഘം യോഗത്തിൽ ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നു. ഒടുവിൽ, ഉദ്ഘാടന ചടങ്ങ് ലളിതമാക്കാൻ തീരുമാനിക്കുകയായിരുന്നു. ബ്രിട്ടീഷ് രാജ്ഞി മരിച്ചതിനെ തുടർന്ന് കേന്ദ്രസർക്കാർ ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചതോടെ കേന്ദ്ര, സംസ്ഥാന മന്ത്രിമാർ വള്ളംകളി ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. ജല ഘോഷയാത്ര ആന്റോ ആന്റണി എം.പിയും മത്സര വള്ളംകളി മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരനും ഉദ്ഘാടനം ചെയ്തു. തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണ്ണാനന്ദ മഹാരാജ് അനുഗ്രഹപ്രഭാഷണം നടത്തി. അന്തരിച്ച കവയിത്രി സുഗതകുമാരിക്ക് മരണാനന്തര ബഹുമതിയായി നൽകിയ രാമപുര്യത്ത് വാര്യർ അവാർഡ് മകൾ ലക്ഷ്മിക്ക് പ്രമോദ് നാരായണൻ എം.എൽ.എ കൈമാറി. സജി ചെറിയാൻ എം.എൽ.എ സുവനീർ പ്രകാശനം ചെയ്തു. പള്ളിയോടം ശിൽപ്പിയെ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപനും വഞ്ചിപ്പാട്ട് ആശാനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒാമല്ലൂർ ശങ്കരനും ആദരിച്ചു.