 
ചെങ്ങന്നൂർ : അസ്വഭാവികത പ്രകടിപ്പിച്ച ശേഷം ചത്തുവീണ തെരുവുനായയ്ക്ക് പേവിഷബാധ ഏറ്റിട്ടുണ്ടോ എന്ന സംശയം നാട്ടുകാരെ ആശങ്കയിലാഴ്ത്തി. തിരുവൻവണ്ടൂർ നാലാം വാർഡിൽ നന്നാട് തൈപ്പറമ്പിൽപ്പടിക്ക് സമീപമാണ് ഇന്നലെ ഉച്ചയോടെ നായ ചത്തത്. ആദ്യം അവശനിലയിൽ കണ്ടെത്തിയ നായ പിന്നീട് ലക്ഷ്യമില്ലാത്ത ഓട്ടത്തിലായിരുന്നു. തുടർന്ന് റോഡിലെ വെള്ളക്കെട്ടിൽ നിന്ന് വെള്ളം കുടിച്ചതിനുശേഷം നായ കറങ്ങി റോഡിൽ വീഴുകയായിരുന്നു. ഇതിന്റെ വായിൽ നിന്ന് നുരയും പതയും വന്നതാണ് നായയ്ക്ക് പേവിഷബാധ ഏറ്റിട്ടുണ്ടോ എന്ന് സംശയമുണ്ടാകാൻ കാരണം.
സ്രവ പരിശോധന നടത്തണം
നായ ചത്ത സംഭവം പഞ്ചായത്ത് അധികൃതരെ അറിയിച്ചതായും ഇതിന്റെ സ്രവ പരിശോധന നടത്തണമെന്ന് ആവശ്യപെട്ടതായും നാട്ടുകാർ പറഞ്ഞു. എന്നാൽ അധികൃതർ ഇതിന് തയ്യാറായിട്ടില്ല. ഇക്കാരണത്താൽ ചത്ത തെരുവുനായയെ മറവു ചെയ്തിട്ടില്ല.
വാക്സിൻ നൽകണം
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്കളെ പിടികൂടി വാക്സിൻ നൽകി പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കി സംരക്ഷിക്കണം.
സജികുമാർ,
സാമൂഹ്യപ്രവർത്തകൻ