kadu
തിരുവല്ല ഹെഡ്പോസ്റ്റ് ഓഫിസിന് സമീപം യാത്രക്കാരുടെ കാഴ്ച്ച തടസപ്പെടുത്തുന്ന കാട്

തിരുവല്ല: തിരക്കേറിയ എം.സി റോഡിൽ യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്നവിധം കാടു വളർന്നു നിൽക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു. തിരുവല്ല ഹെഡ് പോസ്റ്റ് ഓഫീസിന് സമീപത്തെ വളവിന് എതിർവശത്താണ് കാടുവളർന്ന് യാത്രാ ദുരിതമേറുന്നത്. ചെങ്ങന്നൂർ ഭാഗത്ത് നിന്നും വരുന്ന യാത്രക്കാർക്ക് റോഡരുകിലെ കാട് ഭീഷണിയാണ്. റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് പൊതുമരാമത്ത് സ്ഥാപിച്ച ഇവിടുത്തെ ദിശാസൂചക ബോർഡുകളും കാടുമൂടി. വൃത്തിഹീനമായി കിടക്കുന്ന വഴിയോരങ്ങൾ യാത്രക്കാർക്കും സമീപവാസികൾക്കും ദുരിതമായിരിക്കുകയാണ്. റോഡരുകിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടിയതോടെ അതിനുമേൽ കാടുവളർന്നു കയറിയത്. മാലിന്യങ്ങൾ ഇവിടെ തള്ളിയിരിക്കുന്നതിനാൽ രാത്രികാലങ്ങളിൽ മദ്യക്കുപ്പികളും മറ്റും ഇവിടെ കൊണ്ടിടുന്നതും പതിവാണ്. കാടുമൂടി കിടക്കുന്ന റോഡരികിലൂടെ നടന്നുപോകാനും യാത്രക്കാർ ഭയപ്പെടുന്നു. നഗരത്തിലെ മാലിന്യങ്ങൾ നഗരസഭ വാഹനത്തിൽ ശേഖരിച്ച് കൊണ്ടുപോകാറുണ്ടെങ്കിലും ഇവിടെ നിന്നും നീക്കം ചെയ്യാറില്ല. അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് യാത്രക്കാർ പറഞ്ഞു.

നടക്കാനാകാതെ നടപ്പാത
എം.സി. റോഡ് നവീകരണത്തിന്റെ ഭാഗമായി ഇന്റർലോക്ക് കട്ടകൾ പാകി വെടിപ്പാക്കിയ നടപ്പാതയിൽ പലഭാഗത്തും പുല്ലുവളർന്നു നിൽക്കുകയാണ്. കാൽനട യാത്രക്കാർക്ക് ഉപയോഗിക്കാനാവാത്തവിധം കാടുമൂടിയിരിക്കുകയാണ്. ഇഴജന്തുക്കളുടെ ശല്യവും യാത്രക്കാർക്ക് ഭീഷണിയാകുന്നു. നടപ്പാത കാടുമൂടിയതോടെ റോഡിലിറങ്ങി യാത്രക്കാർ നടക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. ആവശ്യമായ പരിചരണമില്ലാത്തതിനാൽ ചിലയിടങ്ങളിൽ നടപ്പാതകൾ നശിക്കാനും തുടങ്ങിയിട്ടുണ്ട്.

.................

എം.സി.റോഡ് ദേശീയപാതയുടെ ഭാഗമായതിനാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തില്ല. പരാതിപ്പെടാൻ ഇവരെ ഫോണിൽ വിളിച്ചാലും കിട്ടാറില്ല. ഇവിടുത്തെ പൊതുമരാമത്ത് അധികൃതരും എം.സി.റോഡിനെ കൈയൊഴിയുകയാണ്.

(നാട്ടുകാർ)