ചന്ദനപ്പള്ളി : ആഗോള തീർത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയുടെ ഒറ്റക്കൽക്കുരിശിന്റെ പെരുന്നാൾ നാളെ നടക്കും. സ്ലീബാ പെരുന്നാൾ ദിനമായ 14നാണ് കുരിശിന്റെ പെരുന്നാളും നടക്കുന്നത്. 17-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ സ്ഥാപിതമായി എന്ന് കരുതുന്ന കൽക്കുരിശ് പൗരാണികതയുടെയും ശില്പചാരുതയുടെയും അടയാളമാണ്. ഇത്രയും പഴക്കമുള്ള കൽക്കുരിശ് ജില്ലയിൽ ഒരിടത്തുമില്ല. പള്ളി സ്ഥാപിക്കുന്നതിന് മുൻപ് സ്ഥാപിച്ച അപൂർവം കുരിശടികളിലൊന്നാണിത്. ചന്ദനപ്പള്ളി, കൊടുമൺ, വള്ളിക്കോട് പ്രദേശങ്ങളിലെ ക്രൈസ്തവർക്ക് ആരാധന നടത്തുന്നതിന് കടമ്പനാട് സെന്റ് തോമസ് കത്തീഡ്രൽ മാത്രമായിരുന്നു ആദ്യകാലത്ത് ആശ്രയം. ഞായറാഴ്ചകളിൽ ആരാധന നടത്തുന്നതിനായി പ്രദേശവാസികൾ സ്ഥാപിച്ചതാണ് കൽക്കുരിശ്. ഇവിടെ ആരാധന നടത്തിവന്നശേഷമാണ് ചന്ദനപ്പള്ളിയിൽ പിന്നീട് പള്ളി ഉയരുന്നത്. വിശുദ്ധരുടെയും മാലാഖമാരുടെയും ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുള്ള കൽക്കുരിശ് നാനാജാതി മതസ്ഥരുടെ അഭയകേന്ദ്രമാണ്. നെയ്ത്തിരി കത്തിക്കുന്നതും നേർച്ച അർപ്പിക്കുന്നതുമാണ് പ്രധാന വഴിപാടുകൾ. പ്രശസ്തമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ് കുരിശടിയോട് ചേർന്നുള്ള കുതിരപ്പുരയിലാണ് സമാപിക്കുന്നത്.ബുധനാഴ്ച രാവിലെ ഏഴിന് കുർബാന. ഫാ.ഷിജു ജോൺ, സഹവികാരി ജോം മാത്യൂസ് എന്നിവർ കാർമികത്വം വഹിക്കും. വൈകിട്ട് 5.30ന് നവാഭിഷിക്തരായ ഏഴ് മെത്രാപ്പോലിത്തമാരുടെ കാർമ്മികത്വത്തിൽ സന്ധ്യാനമസ്കാരം. തുടർന്ന് തിരുമേനിമാരെ അനുമോദിക്കുന്ന സമ്മേളനം. മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷത വഹിക്കും. കുരിശടിയിലേക്ക് റാസ, പ്രസംഗം, ആശീർവാദം, നേർച്ച വിതരണം എന്നിവ നടക്കും. അരി, തേങ്ങ, പാൽ, പഞ്ചസാര തുടങ്ങിയവ ചേർത്ത് തയാറാക്കുന്ന പാച്ചോർ ആണ് നേർച്ചയായി നൽകുന്നത്.