missing

പത്തനംതിട്ട : ജില്ലയിൽ മാൻ മിസിംഗ് കേസുകൾ വർദ്ധിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കുമുള്ള യാത്രയ്ക്കിടയിലും സ്വന്തം വീടുകളിൽ നിന്നുപോലും പലരും കാണാതായവരുടെ പട്ടികയിലേക്ക് കടക്കുന്നുണ്ട്. നിരവധി കേസുകളാണ് ജില്ലയിൽ ദിവസംതോറും റിപ്പോർട്ട് ചെയ്യുന്നത്. പെൺകുട്ടികളും സ്ത്രീകളുമാണ് കാണാതാകുന്നതിൽ കൂടുതലും. ആൺകുട്ടികളും കാണാതാകുന്നവരിലുണ്ട്. വീട്ടിൽ നിന്ന് വഴക്കിട്ട് ഇറങ്ങുന്നവരാണ് ഇതിൽ അധികവും. ഒരുമാസം മുപ്പത് മുതൽ നാൽപ്പത്താറ് പേരെ വരെ ജില്ലയിൽ നിന്ന് കാണാതായിട്ടുണ്ട്. ഇതിൽ തിരിച്ച് വരാത്തവരും കണ്ടെത്താൻ കഴിയാത്തവരുമുണ്ട്. വീട്ടിൽ നിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അന്വേഷണ സംഘം കണ്ടെത്തിയത് തമിഴ്നാട്ടിലെ ഒരു ലോഡ്ജിലാണ്. ഈ സംഭവം പിന്നീട് പോക്സോ കേസായി. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ആവർത്തിക്കുന്നു. പ്രണയത്തിന്റെ ചൂരിൽ നാടും വീടും ഉപേക്ഷിച്ച് പോകുന്നവരും കാണാതാകുന്ന പട്ടികയിലുണ്ട്. കാണാതായി എന്നുള്ള പോസ്റ്ററുകൾ പൊതുയിടങ്ങളിൽ പതിവായിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന് പ്രതിരോധമൊരുക്കാൻ അധികൃതർക്ക് കഴിയുന്നുമില്ല.

ബന്ധം ആപ്പിൽ ആകുമ്പോൾ

യുവാക്കളുടെ കൂടെ ഇറങ്ങിപോകുന്ന യുവതികൾ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് കാണാതായവരുടെ പട്ടികയിലാകുമ്പോൾ, ഇതിന് വഴിയൊരുക്കുന്നത് സോഷ്യൽ മീഡിയ എന്ന ഇടനിലക്കാരനാണെന്ന യാഥാർത്ഥ്യം പലപ്പോഴും വിസ്മരിക്കുകയാണ്. ഇൻസ്റ്റഗ്രാം, ഫേസ് ബുക്ക്, വാട്സ് ആപ് തുടങ്ങി ഡേറ്റിംഗ് , സെയിലിംഗ് ആപ്പുകളിൽ വരെ വൻ ചതിക്കുഴികളാണ് കാത്തിരിക്കുന്നത്. ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട് മൊബൈൽ ഫോണുകൾ കുട്ടികളുടെ പക്കൽ എത്തിയതും ഇത്തരം സംഭവങ്ങൾക്ക് സാഹചര്യമാെരുക്കുന്നു.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഭാര്യയും മക്കളുമുള്ള യുവാവിനൊപ്പം ഇറങ്ങി പോയ പെൺകുട്ടിയെ ലോഡ്ജിൽ നിന്ന് വീണ്ടെടുത്തതും കടന്നുകളഞ്ഞ യുവാവിനെ പൊലീസ് പിടികൂടിയതും പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. ഇങ്ങനെ നിരവധി സംഭവങ്ങൾ ആവർത്തിക്കുന്നു.

ഈ വർഷം ജനുവരിയിൽ നാൽപ്പത്തിരണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 28 പേരും പെൺകുട്ടികളാണ്. പന്ത്രണ്ട് ആൺകുട്ടികളും രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ഇതിൽപ്പെടും. ഒരാളെ ഇതുവരെ കണ്ടെത്തിയിട്ടുമില്ല. എല്ലാ മാസവും ഇതേ രീതിയിൽ കണക്കുകൾ ആവർത്തിക്കപ്പെടുകയാണ്.

2022 ൽ കാണാതായവരുടെ എണ്ണം

ജനുവരി : 42

ഫെബ്രുവരി : 33

മാർച്ച് : 36

ഏപ്രിൽ : 46

മേയ് : 45

ജൂൺ : 44

ജൂലായ് : 45

"പ്രണയ ചതികളിൽപ്പെടുന്ന കുട്ടികളാണ് കാണാതാകുന്നവരിൽ കൂടുതലും. ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്ന കേസുകൾ നിലവിൽ ഇല്ല. സോഷ്യൽ മീഡിയ വഴി പരിചയത്തിലാകുന്നവർ ആരോടും പറയാതെ മുൻ പരിചയം ഒന്നുമില്ലാതെ തന്നെ ദിവസങ്ങളും ആഴ്ചകളും മാത്രമുള്ള ബന്ധത്തിൽ ഇറങ്ങി പോകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. "

പൊലീസ് അധികൃതർ