road

പത്തനംതിട്ട : അബാൻ മേൽപ്പാലവുമായി ബന്ധപ്പെട്ട് പൈലിംഗ് ജോലികൾ പുരോഗമിക്കുന്നു. 46 പൈലുകളുടെ പണി​ പൂർത്തീകരി​ച്ചു. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുള്ള നടപടികൾ നടക്കുകയാണി​പ്പോൾ. പതിനെട്ട് മാസമാണ് നി​ർമാണകാലാവധി. ഇത് 2023 ജൂണിൽ അവസാനിക്കും. അഞ്ചര മീറ്റർ സർവീസ് റോഡ് നാലര മീറ്ററായി കുറയ്ക്കാൻ തീരുമാനമായതിനാൽ അത് സംബന്ധി​ച്ച എസ്റ്റിമേറ്റിനായി നൽകിയിരിക്കുകയാണിപ്പോൾ. 611.8 മീറ്റർ ആണ് മേൽപ്പാതയുടെ മാത്രം നീളം.

ഗതാഗതക്കുരുക്ക് രൂക്ഷം

നഗരത്തിൽ ഗതാഗത നിയന്ത്രണം ശക്തമാക്കിയെങ്കി​ലും അബാൻ ജംഗ്ഷനിൽ മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് വലത്തേക്കുള്ള റോഡിൽ ഒരുഭാഗം അടച്ച് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം സ്വകാര്യബസുകൾ ലംഘിക്കുന്നതുമൂലം ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നുണ്ട്.
കുമ്പഴ ഭാഗത്തുനിന്നുള്ള സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾക്ക് അബാൻ ജംഗ്ഷനിൽ നിന്നു വലത്തേക്കുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്. നഗരസഭ ബസ് സ്റ്റാൻഡിലേക്ക് റിംഗ് റോഡ് , സെന്റ് പീറ്റേഴ്‌സ് ജംഗ്ഷൻ വഴി പോകാനാണ് നിർദേശം.
എന്നാൽ സ്റ്റേഡിയം ജംഗ്ഷനിൽ നിന്നോ അഴൂർ റോഡിൽ നിന്നോ വലത്തേക്കു തിരിഞ്ഞെത്തുന്ന ചില സ്വകാര്യ ബസുകളാണ് നിയന്ത്രണങ്ങൾ ലംഘിക്കുന്നത്. ടൗണിലൂടെ വരേണ്ട ഈ ബസുകൾ റിംഗ് റോഡ് വഴി അബാൻ ജംഗ്ഷനിൽ നേരെ സ്റ്റാൻഡിലേക്കു പോകാൻ ശ്രമിക്കുന്നതോടെയാണ് ഗതാഗതം കുരുങ്ങുന്നത്. ഒറ്റവരി ഗതാഗതം മാത്രമുള്ള റോഡിൽ ഒരു ഭാഗത്ത് ട്രാഫിക് സിഗ്‌നൽ കാത്ത് വാഹനങ്ങൾ കിടക്കുമ്പോഴാണ് ബസുകൾ നിയന്ത്രണം ലംഘിച്ച് കടന്നുവരുന്നത്. റോഡിലെ പണികൾ കാരണം വലതുവശം പൂർണമായി അടച്ചിരിക്കുകയാണ്.
അടൂർ, പന്തളം, വാഴമുട്ടം, പ്രമാടം ഭാഗങ്ങളിൽ നിന്ന് വരുന്ന ബസുകൾക്ക് സെന്റ് പീറ്റേഴ്‌സ് ജംഗ്ഷൻ, ജനറൽ ആശുപത്രി, പഴയ സ്റ്റാൻഡ് വഴി മുനിസിപ്പൽ സ്റ്റാൻഡിലേക്കാണ് പെർമിറ്റ്. ഇതു ലംഘിച്ച് പലപ്പോഴും ബസുകൾ റിംഗ് റോഡ് വഴിയാണ് സർവീസ് നടത്തുന്നത്. കളക്ടറേറ്റ്, ജനറൽ ആശുപത്രി, സെൻട്രൽ ജംഗ്ഷൻ ഭാഗങ്ങളിലേക്കുള്ള യാത്രക്കാരെ റിംഗ് റോഡിൽ ഇറക്കിവിടുകയാണ് പതിവ്.
അബാൻ ജംഗ്ഷനിലെ നിയന്ത്രണം കാരണം സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ നിന്നു മൈലപ്ര ഭാഗത്തേക്കുള്ള മറ്റു വാഹനങ്ങൾ മേലെവെട്ടിപ്രം, താഴെ വെട്ടിപ്രം റിംഗ് റോഡിലൂടെ പോകാനും നിർദേശിച്ചിട്ടുണ്ട്.