ചെങ്ങന്നൂർ : അസ്വഭാവികത പ്രകടിപ്പിച്ച ശേഷം ചത്തുവീണ തെരുവുനായയ്ക്ക് പേവിഷബാധ ഏറ്റിട്ടുണ്ടോ എന്ന് പരിശോധന നടത്താൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ലെന്ന് പരാതി. ഇതേ തുടർന്ന് ചത്ത നായയെ ഇന്നലെ മറവുചെയ്തു. ഇതോടെ പ്രദേശവാസികൾ കൂടുതൽ ആശങ്കയിലായി. തിരുവൻവണ്ടൂർ പഞ്ചായത്ത് നാലാം വാർഡിൽ നന്നാട് തൈപ്പറമ്പിൽപ്പടിക്ക് സമീപമാണ് ഇന്നലെ ഉച്ചയോടെ നായ ചത്തത്. ആദ്യം അവശനിലയിൽ കണ്ടെത്തിയ നായ പിന്നീട് ലക്ഷ്യമില്ലാത്ത ഓട്ടത്തിലായിരുന്നു. തുടർന്ന് റോഡിലെ വെള്ളക്കെട്ടിൽ നിന്ന് വെള്ളം കുടിച്ചതിനുശേഷം നായ കറങ്ങി റോഡിൽ വീഴുകയായിരുന്നു. ഇതിന്റെ വായിൽ നിന്ന് നുരയും പതയും വന്നതാണ് നായയ്ക്ക് പേവിഷബാധ ഏറ്റിട്ടുണ്ടോ എന്ന് സംശയമുണ്ടാകാൻ കാരണം. നായ ചത്തു കിടന്ന പ്രദേശത്തിന് സമീപത്തായി അങ്കണവാടികൾ അടക്കം പ്രവർത്തിക്കുന്നുണ്ട്. പ്രദേശത്ത് നായയൊടൊപ്പമുണ്ടായിരുന്ന മറ്റ് തെരുവുനായകൾ കറങ്ങിനടക്കുന്നത് രക്ഷിതാക്കളെയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.