
പന്തളം : നാട്ടുകാരെയും ഫയർഫോഴ്‌സിനെയും മുൾമുനയാലാക്കി 13 മണിക്കൂർ തെങ്ങിന്റെ മുകളിൽ കയറിയിരുന്ന യുവാവിനെ ഫയർഫോഴ്‌സ് തന്ത്രപരമായി താഴെയിറക്കി. മദ്യപാനം നിറുത്താൻ ചികിത്സ നടത്താനുള്ള വീട്ടുകാരുടെ ശ്രമം തിരിച്ചറിഞ്ഞതോടെ പ്രകോപിതനായ പന്തളം കടയ്ക്കാട് വടക്ക് പത്തേത്ത് പടിഞ്ഞാറ്റതിൽ രാധാകൃഷ്ണൻ (38) ആണ് അയൽവാസി അനിലിന്റെ വീടിനോട് ചേർന്നുള്ള 80 അടിയോളം ഉയരമുള്ള തെങ്ങിന്റെ മുകളിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12.45 ഓടെ കയറിയത്. നാട്ടുകാർ ഇടപെട്ട് തെങ്ങിൽ നിന്ന് ഇറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് പന്തളം പൊലീസിനെയും അടൂർ ഫയർഫോഴ്‌സിനെയും വിവരമറിയിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ എത്തിയ ഫയർഫോഴ്‌സ് പലതരത്തിലും അനുനയിപ്പിക്കാൻ ശ്രമിച്ചങ്കിലും കൂട്ടാക്കിയില്ല. തെങ്ങിന്റ മുകളിൽ വെട്ടുകത്തിയുമായി കയറിയ യുവാവ് കരിക്കുകൾ വെട്ടി കുടിക്കുകയും ചെയ്തു. വൈകുന്നേരം മഴ പെയ്തപ്പോഴും താഴെ ഇറങ്ങിയില്ല. തെങ്ങിന് താഴ്ഭാഗത്തായി വല വിരിച്ച് ഫയർഫോഴ്‌സിന്റെ ഏണി ഉപയോഗിച്ച് ഇറക്കാൻ ശ്രമിച്ചെങ്കിലും രാധാകൃഷ്ണൻ വഴങ്ങിയില്ല. രാത്രി 9ന് തെങ്ങുകയറ്റ തൊഴിലാളികളായ രണ്ടുപേരെ നഗരസഭാ കൗൺസിലർ ലസിതാ നായർ എത്തിച്ചു. തെങ്ങിലേക്ക് കയറാൻ ശ്രമം ആരംഭിച്ചു. ആദ്യം തുമ്പമൺ സ്വദേശിയായ രഘു തെങ്ങിന് മുകളിലേക്ക് കയറിയെങ്കിലും രാധാകൃഷ്ണന്റെ കൈയിൽ ആയുധം ഉള്ളതിനാൽ അടുത്തെത്താൻ കഴിഞ്ഞില്ല. പിന്നാലെ മറ്റൊരാൾ കൂടി തെങ്ങിലേക്ക് കയറി. അപ്പോഴും ഇറങ്ങാൻ രാധാകൃഷ്ണൻ തയ്യാറായില്ല. രാത്രി രണ്ടുമണിയോടെ ഫയർഫോഴ്‌സ് സംഘം തെങ്ങിന്റ മുകളിലേക്ക് വെള്ളം ചീറ്റിയതോടെ അസ്വസ്ഥനായ രാധാകൃഷ്ണൻ താഴേക്കിറങ്ങുകയായിരുന്നു. നിലത്തിറങ്ങിയ രാധാകൃഷ്ണൻ ആൾക്കൂട്ടത്തെ കണ്ട് വീണ്ടും തിരികെ തെങ്ങിലേക്ക് കയറാൻ ശ്രമിച്ചു. ഫയർഫോഴ്‌സും നാട്ടുകാരും ഇടപെട്ട് രാധാകൃഷ്ണനെ വലിച്ചു താഴെയിറക്കി. തുടർന്ന് പന്തളം പൊലീസിനു കൈമാറി. യുവാവിനെ ബന്ധുക്കൾ രാത്രിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു വർഷം മുമ്പ് നരിയാപുരത്തും സമാനരീതിയിൽ രാധാകൃഷ്ണൻ തെങ്ങിൽ കയറി ഇരുന്നതായി ഫയർഫോഴ് ഉദ്യോഗസ്ഥർ പറഞ്ഞു. അസിസ്റ്റന്റ് ഫയർ സ്റ്റേഷൻ ഓഫീസർമാരായ കെ.സി റെജികുമാർ, നിയാസുദ്ദീൻ, അജിത്ത്, ഫയർ ഓഫീസർമാരായ ഷാജു, സാബു, സൂരജ്, പ്രജേഷ്, അനീഷ് ,സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉദ്യോഗസ്ഥസംഘം 13 മണിക്കൂറോളം സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.